Asianet News MalayalamAsianet News Malayalam

ഞാനടക്കമുള്ളവരുടെ കഷ്ടപ്പാടുകള്‍ ചെറുതാണ്, അപ്പുറത്തേക്ക് നോക്കുമ്പോള്‍

'ഗാനമേളയ്ക്കൊക്കെ പോകുന്ന കലാകാരന്മാരില്ലേ? ഗായകരും ഉപകരണങ്ങള്‍ വായിക്കുന്നവരുമൊക്കെ.. അവരുടെ പ്രോഗ്രാംസ് മൊത്തം ബ്ലോക്ക് ആയിപ്പോയി. കേരളത്തിലെ ഉത്സവ സീസണ്‍ കൂടി ആയിരുന്നു ഇത്..', ഗോപി സുന്ദര്‍ എഴുതുന്നു

gopi sundar writes about lock down days due to covid 19
Author
Thiruvananthapuram, First Published Apr 2, 2020, 4:07 PM IST

ലോക്ക് ഡൗണ്‍ കാലത്ത് ജോലി മുടക്കേണ്ടിവരാതിരുന്ന ആളുകളുടെ കൂട്ടത്തിലാണ് ഞാന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ചില മലയാളം, തെലുങ്ക് പടങ്ങളുടെയൊക്കെ വര്‍ക്കില്‍ ആയിരുന്നു. ഒപ്പമുള്ള എന്‍ജിനീയര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കുമൊക്കെ അവധി നല്‍കിയിരിക്കുകയാണ്. അവരൊക്കെ അവരവരുടെ വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്നു. ആരോടും പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്. ഭാഗ്യവശാല്‍ തൃപ്പൂണിത്തുറയിലെ എന്‍റെ വീടിന്‍റെ മുകളില്‍ തന്നെയാണ് സ്വന്തം സ്റ്റുഡിയോ. അതുകൊണ്ട് ഒറ്റയ്ക്ക് ഇരുന്നും വര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. പക്ഷേ ഈ ഒറ്റയ്ക്കിരിപ്പ് കുറേയാവുമ്പോള്‍ ബോറടിക്കുന്നുമുണ്ട്. സാധാരണ രണ്ട് പ്രോഗ്രാമേഴ്‍സ്, രണ്ടുമൂന്ന് എന്‍ജിനീയര്‍മാരൊക്കെയായി ആകെ എട്ട് പേരോളം ഉണ്ടാവേണ്ടതാണ് സ്റ്റുഡിയോയില്‍. 

പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ കഷ്ടപ്പെടുന്നത് എന്നെപ്പോലുള്ളവരല്ല. ഞാനൊക്കെ വീട്ടില്‍ സേഫ് ആണ്. വീട്ടില്‍ തന്നെ സ്റ്റുഡിയോ ഉണ്ട്. ഇഷ്ടമുണ്ടെങ്കില്‍ വര്‍ക്ക് ചെയ്യാം, വര്‍ക്ക് ചെയ്യാതെ ഇരിക്കാം.  ഗാനമേളയ്ക്കൊക്കെ പോകുന്ന കലാകാരന്മാരില്ലേ? ഗായകരും ഉപകരണങ്ങള്‍ വായിക്കുന്നവരുമൊക്കെ.. അവരുടെ പ്രോഗ്രാംസ് മൊത്തം ബ്ലോക്ക് ആയിപ്പോയി. കേരളത്തിലെ ഉത്സവ സീസണ്‍ കൂടി ആയിരുന്നു ഇത്. ഇപ്പോഴത്തെ അവസ്ഥ ഏറ്റവും മോശമായി ബാധിച്ചവരില്‍ പെടും അവര്‍. എനിക്കൊപ്പം മുന്‍പ് വര്‍ക് ചെയ്തിരുന്ന, ഇന്‍സ്ട്രുമെന്‍റ്സ് വായിക്കുന്ന ചിലര്‍ക്കൊക്കെ അവരുടെ വീടുകളിലിരുന്ന് വര്‍ക്ക് ചെയ്യാവുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്. സാധാരണ സ്റ്റുഡിയോയില്‍ ചെയ്യുന്നത് വീട്ടിലിരുന്ന് ചെയ്‍ത്, ഓണ്‍ലൈനായി എനിക്ക് അയച്ചുതരും. പെയ്മെന്‍റും അങ്ങനെതന്നെ നല്‍കും. ഒരു ഉത്സവ സീസണ്‍ നഷ്ടമായി എന്നതിനേക്കാള്‍ നിലവിലെ അനിശ്ചിതത്വമാവും അവരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വലിയ സമ്പാദ്യമൊന്നും വച്ച് ജീവിക്കുന്നവരല്ല അവരില്‍ ഭൂരിഭാഗവും. അവര്‍ക്കൊക്കെ ഈ സാഹചര്യം ഭയങ്കര ബുദ്ധിമുട്ടാണ്.

gopi sundar writes about lock down days due to covid 19

 

ഇന്‍ഡസ്ട്രിയുടെ കാര്യം പറഞ്ഞാല്‍ എല്ലാവരും ക്രിയേറ്റീവ് ആയ മാനസികാവസ്ഥയില്‍ നിന്നൊക്കെ മാറിപ്പോയി. ഈ പ്രതിസന്ധി എന്ന് തീരുമെന്നറിയാതെ പകച്ചുനില്‍ക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ ക്രിയേറ്റീവ് ആയുള്ള കാര്യങ്ങളൊന്നും ആലോചിക്കാന്‍ പറ്റില്ല. പലരും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള പാട്ടുകളൊക്കെ ഉണ്ടാക്കുന്നുണ്ട്. എനിക്കൊന്നും അങ്ങനെ ചെയ്യാനും പറ്റുന്നില്ല. ഒരുപാട് മനുഷ്യര്‍ ബുദ്ധിമുട്ടുന്നത് നമ്മള്‍ ടിവിയിലൂടെ കണ്ടുകൊണ്ടിരിക്കുകയല്ലേ? നാടിന്‍റെ പ്രതിസന്ധികാലത്ത് ഒത്തൊരുമിച്ച് നില്‍ക്കേണ്ടതും ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഞാന്‍ സംഭാവന നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളെ ചാലഞ്ച് ചെയ്‍തിട്ടുമുണ്ട്.

ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷിതത്വം പോലും മാറ്റിവച്ച് വൈറസ് ഭീഷണിയെ നേരിടാന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് അവര്‍ ഓരോരുത്തരോടും നമുക്ക് ഉണ്ടാവേണ്ടത്. അതുപോലെ പൊരിവെയില്‍ പോലും വകവെക്കാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന മറ്റൊരു വിഭാഗമാണ് നമ്മുടെ പൊലീസ് സേന. അവരുടെ സേവനത്തെയും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതേസമയം പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെയെങ്കിലും നടപടി ആ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണ്. പൊലീസുകാരില്‍ ചിലര്‍ പുറത്തിറങ്ങിയ ആളുകള്‍ക്ക് നേരെ ലാത്തിപ്രയോഗം നടത്തിയ കാഴ്‍ചയെക്കുറിച്ചാണ് പറഞ്ഞത്. വ്യക്തിപരമായി വലിയ വിഷമമുണ്ടാക്കിയ കാഴ്‍ചയായിരുന്നു അത്. അധികാരത്തിന്‍റെ ശ്രേണി അനുസരിച്ച് ഓരോ വിഭാഗവും ഇത്തരത്തില്‍‌ അധികാരം പ്രയോഗിച്ചാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ഇത്തരത്തിലുള്ള എല്ലാ സംവിധാനങ്ങളുടെയും മുകളിലാണ് ജനം. മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ ജനസേവനത്തിന് ഉള്ളതാണ്. ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങുന്നതിനെ ന്യായീകരിക്കുകയല്ല. അത്യാവശ്യങ്ങള്‍ക്കേ പുറത്തിറങ്ങാവൂ എന്നതില്‍ തര്‍ക്കമൊന്നുമില്ല. ശരിക്കും ലോക്ക് ഡൌണ്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നിയന്ത്രണത്തിനായി നമുക്കു മുന്നിലുള്ളൂ. പരമാവധി സാമൂഹിക അകലം പാലിച്ച് സുരക്ഷിതരായി വീട്ടിലിരിക്കുക എന്നതു തന്നെയാണ് ചെയ്യാനുള്ളത്.

gopi sundar writes about lock down days due to covid 19

 

മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മളിപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അടുത്ത തലമുറയ്ക്ക് ഒരു റഫറന്‍സ് ആയിരിക്കണം നമ്മളിപ്പോള്‍ ബിഹേവ് ചെയ്യുന്ന രീതി. വരും തലമുറയിലെ കുട്ടികള്‍ക്ക് പുസ്‍തകങ്ങളില്‍ പഠിക്കാന്‍ കൊടുക്കാവുന്ന രീതിയിലാണ് കേരളം പല പ്രതിസന്ധികളെയും കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ ആരില്‍ നിന്നുണ്ടാവുന്ന മോശം പ്രവര്‍ത്തിയും നമ്മുടെ നേട്ടങ്ങളുടെ ശോഭ കെടുത്തും.

Follow Us:
Download App:
  • android
  • ios