ഹൈദരാബാദ്: തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന വാർത്തയാണ് ചലച്ചിത്രലോകത്തിപ്പോൾ ചൂടുപിടിക്കുന്നത്. സംവിധായകന്‍ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്‌ക വിവാഹം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനുഷ്ക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രകാശ്. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനാണ് പ്രകാശ് കൊവേലമുടി.

അതേസമയം, വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തെലുങ്ക് താരം പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുമെന്നും പ്രചാരണമുണ്ടായിരുന്നു. ബാഹുബലിയുടെ ചിത്രീകരണവേളയിലായിരുന്നു ​ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. എന്നാൽ, സിനിമാലോകത്ത് വൻ ചര്‍ച്ചകൾക്കിടയാക്കിയ ഈ ​വിവാഹവാർത്തകൾ ഇരുവരും നിഷേധിച്ചിരുന്നു.

(പ്രകാശ് കൊവേലമുടിയും അച്ഛന്‍ കെ രാഘവേന്ദ്ര റാവുവും) 

പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ മുന്‍ഭാര്യ. 2014ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2004ൽ പ്രദർശനത്തിനെത്തിയ ബൊമ്മലാട്ട എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രകാശ് സംവിധാനമേഖലയിലേക്ക് കടക്കുന്നത്. പിന്നീട് 2015ലാണ് അനുഷ്കയും ആര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇഞ്ചി ഇടുപ്പഴകി (സൈസ് സീറോ) പ്രകാശ് സംവിധാനം ചെയ്യുന്നത്.

മാധവനൊപ്പം അഭിനയിക്കുന്ന സൈലന്‍സ് ( നിശബ്ദം) ആണ് അനുഷ്‌കയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം. അ‍ഞ്ജലി, ശാലിന പാണ്ഡെ, ഹോളിവുഡ് നടൻ മൈക്കിൾ മാഡ്സൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.