സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ എപ്പിസോഡുകള്‍കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് മൊഹബത്ത്. അമന്‍- റോഷ്‍നി എന്നിവരുടെ പ്രണയത്തിലൂടെയും ദാമ്പത്യജീവിതത്തിലെ നിറപ്പകിട്ടും, പിണക്കങ്ങളും പകര്‍ത്തിയെടുത്താണ് പരമ്പര മുന്നേറുന്നത്. എന്നാല്‍ പരമ്പരയുടെ പ്രധാന ആകര്‍ഷണം പരമ്പരയുടെ കഥാഗതിതന്നെ നാടോടികഥയിലൂന്നിയാണെന്നതാണ്. അമന്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ പണക്കാരനാണ്. അതിനുകാരണമായത് അമന്റെ ഉപ്പ ജിന്നിനെ പ്രീതിപ്പെടുത്തിയെന്നതാണ്. എന്നാല്‍ ഒരു ജിന്നും പ്രത്യുപകാരമില്ലാതെ ഒന്നും ചെയ്യാറില്ല. ജിന്ന് അമന്റെ ഉപ്പയോട് പ്രത്യുപകാരമായി ആവശ്യപ്പെട്ടത് അമനെത്തന്നെയായിരുന്നു. അതില്‍പ്പിന്നെ ചാന്ദ്രദിനങ്ങളില്‍ അമന്‍ ജിന്നിന്റെ പ്രതിപുരുഷനായി മാറുന്നു.

സൈമയുടെ നിക്കാഹ് നടക്കാനായി റോഷ്‌നിയെ അമന്‍ വീട്ടില്‍ നിന്ന് ഇറക്കിവിടുന്ന രംഗങ്ങള്‍ വളരെയധികം നടുക്കമുളവാക്കുന്നതായിരുന്നു. എന്നാല്‍ പുതിയ ഭാഗത്ത് അതെല്ലാം സമീറിന്റെ പദ്ധതിയായിരുന്നുവെന്ന് എല്ലാവരും അറിയുകയാണ്. റോഷ്‌നി എല്ലാ കുറ്റങ്ങളും ഏറ്റെടുത്തത് തനിക്കുവേണ്ടിയായിരുന്നുവെന്ന് സൈമയും കുറ്റസമ്മതം നടത്തുന്നുണ്ട്.

റോഷ്‌നി തന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ടാണ് എത്തുന്നത്. അവിടെനിന്ന് റോഷ്‌നി തന്റെ ഉമ്മ തന്നെ  ചതിക്കുകയാണെന്ന സത്യവും മനസ്സിലാക്കുന്നു. വീട്ടിലെത്തിയ റോഷ്‌നി ഉമ്മ മരുന്നെല്ലാം കഴിക്കുന്നുണ്ടോ എന്നറിയാനായി ഉമ്മയുടെ മരുന്നുകള്‍ എടുക്കുമ്പോള്‍, കൂടെ ആശുപത്രിയിലെ ഡോക്യുമെന്റും കിട്ടുന്നു. അതിലൂടെ കണ്ണോടിച്ച റോഷ്‌നി തന്റെ ഉമ്മയ്ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, എല്ലാം ഉമ്മ പണം തട്ടിയെടുക്കാനായി കളിച്ച നാടകമാണെന്നുമറിയുന്നു. ആകെ നിയന്ത്രണംവിട്ട് കരയുന്ന റോഷ്‌നിയുടെ മുന്നില്‍ ഉമ്മയായ സല്‍മ മുട്ടുകുത്തി കരയുന്നുണ്ട്. എല്ലാം തന്റെ തെറ്റാണെന്നും മകള്‍ ക്ഷമിക്കണമെന്നും സല്‍മ അപേക്ഷിക്കുന്നുണ്ട്.

എന്നാല്‍ സല്‍മയുടെ കരച്ചില്‍ സത്യമാണോ അതോ പറ്റിക്കലാണോ എന്ന് കാഴ്ച്ചക്കാരന്‍ സംശയിക്കുന്നു. എന്നാല്‍ സംശയത്തിന്റെ മുന ഒടിച്ചുകൊണ്ട് സല്‍മ അടുത്ത നിമിഷംതന്നെ അമന്റെ വീട്ടിലേക്കെത്തുന്നു. അമന്റെ വീട്ടിലേക്ക് ആദ്യമായാണ് സല്‍മ വരുന്നത്. സല്‍മയോട് അമന്റെ ഉമ്മ വളരെ മോശമായിത്തന്നെ പെരുമാറുന്നുമുണ്ട്. ചൂലെടുക്കുന്നതിന് മുമ്പ് സല്‍മ വീട്ടില്‍നിന്നും ഇറങ്ങിപ്പോകണം എന്നാണ് അമന്റെ ഉമ്മ പറയുന്നത്. എന്നാല്‍ എന്തെല്ലാം കേട്ടിട്ടും സല്‍മ അവിടെ നിന്ന് അമനെ വിളിക്കുകയാണ്. അമന്‍ ഇറങ്ങിവരുമ്പോഴാണ് സല്‍മ സത്യങ്ങളുടെ ഭാണ്ഡം ഇറക്കുന്നത്.

തന്റെ മകള്‍ പാവമാണെന്നും, അമനെ സ്‌നേഹിച്ചു എന്നുള്ള ഒരേയൊരു തെറ്റേ പാവം ചെയ്‍തിട്ടുള്ളുവെന്നും സല്‍മ പറയുന്നുണ്ട്. പണത്തിനുവേണ്ടിയല്ല അമനെ റോഷ്‌നി നിക്കാഹ് ചെയ്‍തതെന്നും, എല്ലാം തന്റെ തെറ്റാണെന്നും സല്‍മ പറയുന്നു. താന്‍ നുണ പറഞ്ഞ് ആശുപത്രിയില്‍ കിടന്നതും, സമീര്‍ രണ്ടാംവിവാഹമാണ് ചെയ്യാന്‍ വന്നതെന്നും റോഷ്‌നിക്ക് അറിയില്ലെന്നും സല്‍മ പറയുന്നതുകേട്ട് അമന്റെ ഉമ്മയൊഴികെ എല്ലാവരും ഞെട്ടുകയാണ്. റോഷ്‌നിയെ താന്‍ എടുത്ത് വളര്‍ത്തിയതാണെന്നും, റോഷ്‌നി തന്റെ മകളല്ലെന്നുമുള്ള സത്യം കേട്ട് എല്ലാവരും തരിച്ചിരിക്കുകയാണ്. എന്നാലും റോഷ്‌നി എന്തിനാണ് അഞ്ച് കോടി രൂപ ബാങ്കില്‍നിന്ന് എടുത്തതെന്ന ചോദ്യത്തിന് ഉത്തരം പറയുന്നത് സാറയും സൈമയുമാണ്. റോഷ്‌നി തന്നെ രക്ഷിക്കാനാണ് പണം പിന്‍വലിച്ചതെന്നും, തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും സൈമ സമ്മതിക്കുകയാണ്. ഇതെല്ലാം ചെയ്തത് സമീര്‍ ആണെന്നും സൈമ പറയുന്നു. അതിനിടയില്‍ കരുത്തേറിയ ജിന്ന് അമനേയും റോഷ്‌നിയേയും ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ്. ഇറക്കിവിട്ട റോഷ്‌നിയെ തിരഞ്ഞ് അമനും ഫാമിലിയും റോഷ്‌നിയുടെ വീട്ടിലെത്തുമ്പോള്‍, റോഷ്‌നി പോയെന്ന കുറിപ്പുകണ്ട് തല കറങ്ങിയിരിക്കുന്ന സല്‍മയെയാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. എന്താണ് സംഭവിച്ചത് എന്നറിയണമെങ്കില്‍ അടുത്ത ഭാഗം വരെ കാത്തിരുന്നേ മതിയാകു.