പേളി മാണിയെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചുരുളന്‍മുടിയുമായെത്തി മലയാളിയെ കുടുകുടെ ചിരിപ്പിക്കുന്ന അവതാരക, ബിഗ്‌ബോസിലൂടെ ജീവിതപങ്കാളിയെ കണ്ടെത്തിയ സുന്ദരി, ബിഗ്‌ബോസ് ഒന്നാം സീസണിലെ റണ്ണറപ്പ്, സിനിമയിലും സജീവമായിക്കൊണ്ടിരിക്കുന്ന താരം, എന്നിങ്ങനെ പോകും പേളിയുടെ വിശേഷണങ്ങള്‍. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

താരം പങ്കുവച്ച സെല്‍ഫി നമ്മുടെ  മുഖ്യമന്ത്രിയോടൊപ്പമുള്ളതാണ്. പിണറായി വിജയനും ഭാര്യയുമൊന്നിച്ചുള്ള താരത്തിന്റെ സെല്‍ഫി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തനത്തിനുള്ള അഭിനന്ദനമാണോ ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണമെന്നാണ് എല്ലാവരും ചോദിക്കുന്നത്. പിണറായിയുടെ പ്രവര്‍ത്തനങ്ങളെയും പേളിക്കുള്ള ആശംസകളുമായി ആരാധകര്‍ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്. 'എല്ലാ ചിരികളും ശ്രീ പിണറായി വിജയനും ഭാര്യ കമലാ വിജയനുമാണ്' എന്നുപറഞ്ഞാണ് പേളി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'നിലവിലെ കേരളത്തിന്റെ അവസ്ഥയെ ശക്തമായി നേരിടുന്നതിനുള്ള അഭിനന്ദനമാണോ ചേച്ചി' എന്നു ചോദിച്ച ആരാധകനോട്, 'അതെ.. സ്‌നേഹവുമുണ്ട്' എന്നാണ് പേളി പറയുന്നത്.