കൊച്ചി:  കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു വിനോദചാനൽ പരിപാടിയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തല്‍. ഊട്ടിയില്‍ താമസിക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടന്നതെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും റിമി ടോമി പറഞ്ഞു.

റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പോരാമോ, എന്ന ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ പറഞ്ഞത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറുപ്പത്തില്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍.

'പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം തിരികെ വീട്ടിലെത്തിച്ചു. അവരെന്നെ ചാക്കില്‍ കെട്ടികൊണ്ടുപോകാന്‍ ഒരുങ്ങുകയായിരുന്നു'വെന്നാണ് റിമി വെളിപ്പെടുത്തിയത്.