വാനമ്പാടി പരമ്പരയിലെ കുട്ടിത്താരങ്ങള്‍ മലയാളികള്‍ക്കേവര്‍ക്കും പ്രിയപ്പെട്ടവരാണ്. അവരുടെ ശരിക്കുള്ള പേരിനേക്കാള്‍ മലയാളിക്കിഷ്ടം അവരെ അനുമോളെന്നും തംബുരുവെന്നും വിളിക്കാനാണ്. പരമ്പരയിലെ മറ്റേത് താരങ്ങളെക്കാളും ആരാധകരുള്ള താരങ്ങളാണ് തംബുരുവായി വേഷമിടുന്ന സോനാ ജെലീനയും, അനുമോളെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്ണയും. വാനമ്പാടിയുടെ തുടക്കത്തില്‍ ഇരുവരും നല്ല ശത്രുക്കളായിരുന്നുവെങ്കിലും പിന്നീട് പിരിയാനാകാത്ത സുഹൃത്തുക്കളായി മാറുകയാണുണ്ടായത്.

പരമ്പരയില്‍ കാണുന്നതുപോലെതന്നെ അനുമോള്‍ക്കും തംബുരുവിനുമിടയില്‍ വലിയൊരു സൗഹൃദമുണ്ടെന്നാണ് ഏഷ്യാനെറ്റ് അവരുടെ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ നിന്നും മനസ്സിലാകുന്നത്. കൊറോണാ ലോക്ഡൗണ്‍ കാരണം എല്ലാ പരമ്പരകളുടെയും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കയാണ്. മിക്ക ദിവസവും തമ്മില്‍കാണുന്ന കുട്ടിത്താരങ്ങള്‍ അവരുടെ കൊറോണാ ലോക്ഡൗണ്‍ വിശേഷങ്ങളാണ് വീഡിയോകോളായി പങ്കുവയ്ക്കുന്നത്. ടിവി കണ്ട് മടുത്തെന്നും ഇപ്പോള്‍ ബോട്ടില്‍ പെയിന്റിങ്ങാണ് ചെയ്യുന്നതെന്നും സോനാ ജെലീന പറയുന്നുണ്ട്. ഇപ്പോള്‍ ഉച്ചയ്ക്ക് ഏഷ്യാനെറ്റില്‍ കുട്ടികള്‍ക്കായുള്ള ആനിമേറ്റഡ് സിനിമയുടെ വിശേഷങ്ങളുമാണ് കുട്ടിത്താരങ്ങള്‍ പങ്കുവയ്ക്കുന്നത്.

കൊറോണ കാരണം പരീക്ഷ മാറ്റിവച്ചതിലുള്ള സന്തോഷവും രണ്ടാളും പങ്കിടുന്നുണ്ട്. കൂടാതെ ഇനി എപ്പോഴാണ് എല്ലാം സാധാരണ നിലയ്ക്കായി വരിക എന്ന സന്ദേഹവും ഇരുവരും സംസാരിക്കുന്നുണ്ട്.