ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാട്ടുകാരനായ മോഹന്‍കുമാറിന്റെ കുടുംബവും അയാളുടെ ജീവിതത്തിലെ വെല്ലുവിളികളിലൂടെയും മറ്റുമാണ് പരമ്പര പുരോഗമിക്കുന്നത്. നിലവില്‍ മോഹന്റെ ഭാര്യയായ പത്മിനിയുടെ വൈരാഗ്യമെല്ലാം എവിടെപ്പോയി, പത്മിനിയുടെ അച്ഛന്‍ മേനോന്‍ എവിടെ എന്നെല്ലാമാണ് പരമ്പരയിലെ അന്വേഷണങ്ങള്‍ നീങ്ങുന്നത്. തന്റെ അച്ഛനെ തിരഞ്ഞ് പത്മിനി നെട്ടോട്ടമോടുകയാണ്. എന്നാല്‍ ജയനും, ജയന്റെ ശിങ്കിടിയായ പോലീസ് ഓഫീസറും ചേര്‍ന്ന് മേനോന്റെ തിരോധാനത്തിന് മോഹനേയും ചന്ദ്രനേയും പ്രതിചേര്‍ക്കാനുള്ള ശ്രമത്തിലാണ്.

മോഹന്റെകൂടെ അത്യുത്സാഹത്തില്‍ ബീച്ചിലേക്ക് പോയതില്‍ പിന്നെയാണ് മേനോനെ കാണാതായതെന്നതാണ് മോഹനെ ചിലരെങ്കിലും സംശയിക്കാന്‍ കാരണം. എന്താണ് മോഹനും മേനോനും ബീച്ചില്‍നിന്നും സംസാരിച്ചിരിക്കുക എന്നതാണ് എല്ലാവരേയും അലട്ടുന്ന പ്രശ്‌നം. എന്നാല്‍ മേനോനെ ശ്രീമംഗലത്തുനിന്നും മാറ്റി മോഹനെ കുടുക്കാനായി പത്മിനി തന്നെയാണോ ചരടുവലിക്കുന്നതെന്നും ചന്ദ്രനും മറ്റും സംശയിക്കുന്നുണ്ട്. മേനോന്‍ സൂത്രത്തില്‍ തന്നോട് നന്നായി പെരുമാറിയശേഷം, തന്റെ മുന്നില്‍ നല്ലവനായി നടിച്ചശേഷം തനിക്കിട്ടൊരു പണി തരാനാണ് മാറി നില്‍ക്കുകയാണ് എന്നുതന്നെയാണ് മോഹന്‍ കരുതുന്നതും.

ശ്രീമംഗലത്തെ കുട്ടികളും മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്. തന്റെ ഗ്രാന്‍ഡ്പായെ കാണാതായതുമുതല്‍ അമ്മ വിഷമിച്ചിരിക്കുന്നതും, അമ്മയെ സഹായിക്കാന്‍ മറ്റാരും ഇല്ലാത്തതുമാണ് തംബുരുവിനെ വിഷമത്തിലാക്കുന്നത്. തംബുരുവിനോട് വിഷമിക്കേണ്ടെന്നും ഒന്നും പറ്റാതെ ഗ്രാന്‍ഡ്പാ തിരികെ വരുമെന്നും പറഞ്ഞ് അനുമോള്‍ തംബുരുവിനെ സമാധാനിപ്പിക്കുന്നുമുണ്ട്. 

കടല്‍ത്തീരത്തുവച്ച് മോഹനും മേനോനും തമ്മില്‍ അനുമോളുടെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. അനുമോള്‍ മോഹന്റെ മകളാണെന്നറിഞ്ഞ മേനോന്‍ മോഹനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് ശ്രമിച്ചത്. എന്നാല്‍ മോഹന്‍ അതിലൊന്നും വീണില്ല എന്നതാണ് സംഭവിച്ചത്. മോഹന്‍ പറഞ്ഞ അതിക്രൂരമായ വാക്കുകള്‍ താങ്ങാനാകാതെ മേനോന്‍ എങ്ങോട്ടോ പോയെന്നത് വിശ്വാസയോഗ്യമായതല്ല എന്നുള്ളതിനാല്‍, എന്താണ് സംഭവിച്ചതെന്നറിയാന്‍ വരുന്ന എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകതന്നെ വേണം.