ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അയര്‍ലന്‍ഡിനായി രണ്ട് വിക്കറ്റുമായി തിളങ്ങിയ പേസര്‍ ബോയ്ഡ് റാങ്കിന്‍ കുറിച്ചത് അപൂര്‍വനേട്ടം. 2104ലെ ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റംകുറിച്ച റാങ്കിന്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡിനായി പന്തെറിഞ്ഞു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും സാം കറന്റെയും വിക്കറ്റെടുത്ത് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 100 കടക്കുന്നത് തടഞ്ഞതും റാങ്കിനാണ്.

മൂന്നോവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു റാങ്കിന്‍ രണ്ട് വിക്കറ്റെടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനായും ഇംഗ്ലണ്ടിനെതിരെയും കളിക്കുന്ന രണ്ടാമത്തെ മാത്രം കളിക്കാരനാണ് റാങ്കിന്‍. 1946ല്‍ ഇന്ത്യയുടെ നവാബ് പട്ടൗഡിയാണ് ഇംഗ്ലണ്ടിനായും ഇംഗ്ലണ്ടിനെതിരെയും കളിച്ച ആദ്യ കളിക്കാരന്‍. 2014ല്‍ ഇംഗ്ലണ്ടിനായി എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റെടുത്തിരുന്നുവെന്നതും റാങ്കിന്റെ നേട്ടമാണ്. ഓസ്ട്രേലിയ 281 റണ്‍സിന് ജയിച്ച കളിയില്‍ ഓസീസിന്റെ അവസാന ബാറ്റ്സ്മാനായ പീറ്റര്‍ സിഡിലിനെ വീഴ്ത്തി രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് റാങ്കിനായിരുന്നു.

2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ റാങ്കിന്‍ ഇംഗ്ലണ്ടിനായി കളിക്കാനാണ് തീരുമാനിച്ചത്. ഓയിന്‍ മോര്‍ഗന്റെയും എഡ് ജോയ്സിന്റെയും പാത പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിലെത്താനായി പിന്നീട് റാങ്കിന്റെ ശ്രമം. ഇംഗ്ലണ്ടിനായി 2014ല്‍ അരങ്ങേറിയെങ്കിലും ആദ്യ ടെസ്റ്റില്‍ 21 ഓവറില്‍ ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനയത്.

അതിനുശേഷം ഏതാനും ഏകദനിങ്ങളിലും ഇംഗ്ലണ്ടിനായി ഇറങ്ങി. എന്നാല്‍ 2015ലെ ലോകകപ്പ് തോല്‍വിക്കുശേഷം ഇംഗ്ലണ്ട് ഏകദിന ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തപ്പോള്‍ റാങ്കിനും തന്റെ രാജ്യം മാറി അയര്‍ലന്‍ഡിനൊപ്പമായി. കഴിഞ്ഞ സീസണില്‍ പാക്കിസ്ഥാനെതിരായ അയര്‍ലന്‍ഡിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിലും റാങ്കിന്‍ ടീമിനൊപ്പമുണ്ടായിരുന്നു.