Asianet News MalayalamAsianet News Malayalam

പതിനാലാം വയസില്‍ ക്രിക്കറ്റ് നിര്‍ത്തി; വീണ്ടും ബാറ്റെടുത്തത് 19-ാം വയസില്‍, 26-ാം വയസില്‍ ഇന്ത്യന്‍ ടീമിലും; ഇത് ശിവം ദുബെയുടെ പോരാട്ടത്തിന്റെ കഥ

സാമ്പത്തിക പ്രതിസന്ധിമൂലം പതിനാലാം വയസില്‍ ക്രിക്കറ്റ് കളി നിര്‍ത്തിയതാണ് ദുബെ. കായികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനത്തിന് പണം കണ്ടെത്താന്‍ കഴിയാതിരുന്നതാണ് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ കാരണമായത്. പിന്നീട് 19-ാം വയസിലാണ് ദുബെ വീണ്ടും ബാറ്റ് പിടിക്കുന്നത്.

Power Hitter from Mumbai The Shivam Dube story
Author
Mumbai, First Published Oct 25, 2019, 3:53 PM IST

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ശിവം ദുബെ എന്ന പവര്‍ ഹിറ്റര്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ ആരും ചോദിച്ചില്ല ആരാണീ ശിവം ദുബെയെന്ന്. എന്നാല്‍ എന്തിനാണ് ശിവം ദുബെയെ ഇപ്പോള്‍ ടീമിലെടുത്തത് എന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടി 26കാരന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ കരിയറിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കിട്ടും. 17 ലിസ്റ്റ് എ മത്സരങ്ങളില്‍ 73.2 ശരാശരിയില്‍ ദുബെ നേടിയത് 366 റണ്‍സ്. പ്രഹരശേഷിയാകട്ടെ 137.07ഉം.

വിജയ് ഹസാരെ ട്രോഫിയില്‍ മഴ തടസപ്പെടുത്തിയ കളിയില്‍ മുംബൈ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയവരുടെ ലിസ്റ്റില്‍ മുന്‍നിരയിലുണ്ട് ദുബെ. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് പതിനഞ്ച് സിക്സറുകളാണ് ദുബെ അടിച്ചു പറത്തിയത്. ഇതില്‍ പത്തും ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ കര്‍ണാടകയ്ക്കെതിരായ മത്സരത്തിലായിരുന്നു. 67 പന്തില്‍ 118 റണ്‍സാണ് ആ മത്സരത്തില്‍ ദുബെ നേടിയത്.

ആറടി പൊക്കവും ഉറച്ച ശരീരവുമുള്ള ദുബെയെ പേസ് ബൗളറാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഈ ശരീരം ഇന്നത്തെ നിലയിലെത്തിക്കാന്‍ ദുബെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം പതിനാലാം വയസില്‍ ക്രിക്കറ്റ് കളി നിര്‍ത്തിയതാണ് ദുബെ. കായികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനത്തിന് പണം കണ്ടെത്താന്‍ കഴിയാതിരുന്നതാണ് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ കാരണമായത്. പിന്നീട് 19-ാം വയസിലാണ് ദുബെ വീണ്ടും ബാറ്റ് പിടിക്കുന്നത്.

Power Hitter from Mumbai The Shivam Dube storyക്രിക്കറ്റില്‍ നിന്ന് അഞ്ച് വര്‍ഷം മാറി നിന്നതിനാല്‍ മുംബൈക്കായി ജൂനിയര്‍ തലത്തിലൊന്നും ദുബെ കളിച്ചിട്ടില്ല. അണ്ടര്‍ 23 ടീമിലാണ് ദുബെ ആദ്യമായി മുംബൈ ജേഴ്സി അണിയുന്നത്. ക്ലബ്ബ് ക്രിക്കറ്റിലൂടെ കളിച്ചുവളര്‍ന്ന ദുബെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈക്കായി രഞ്ജിയില്‍ ഒറോവറില്‍ അഞ്ച് സിക്സറടിച്ച് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ പ്രകടനം കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ദുബെയെ പൊന്നുംവിലയുള്ള താരമാക്കി.

അഞ്ച് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയെങ്കിലും നാല് ഇന്നിംഗ്സുകളില്‍ 40 റണ്‍സ് മാത്രമെ ദുബെയ്ക്ക് നേടാനായുള്ളു. ഐപിഎല്ലിലെ നിരാശ പിന്നീട് നടന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിലൂടെ ദുബെ തീര്‍ത്തു. ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കേറ്റ പരിക്കും പകരക്കാരനായി വന്ന വിജയ് ശങ്കറിന്റെ ഫോമില്ലായ്മയുമാണ് മീഡിയം പേസ് ബൗളര്‍ കൂടിയായ ദുബെയെ ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിലെത്തിച്ചത്.

ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും ഈ പവര്‍ ഹിറ്റര്‍.

Follow Us:
Download App:
  • android
  • ios