ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ വീറുറ്റ പ്രകടനങ്ങള്‍ക്കൊണ്ട് താരങ്ങളായവര്‍ പലരുമുണ്ട്. എന്നാല്‍ ലോകകപ്പിനെത്തുമ്പോഴെ താരങ്ങളായിരുന്ന ചിലരും ഈ ലോകകപ്പിലെ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരില്‍ ചിലരും ലോകകപ്പില്‍ മങ്ങിക്കത്തിയവരാണ്. ഈ ലോകകപ്പിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്താല്‍ അതില്‍ ഇടം നേടാനിടയുള്ള പതിനൊന്നുപേര്‍ ഇവരാണ്.

ക്രിസ് ഗെയ്ല്‍: അവസാന ലോകകപ്പ് കളിക്കാനെത്തിയ ഗെയ്‌ലിനിത് നിരാശയുടെ ലോകകപ്പായിരുന്നു. എട്ടു കളികളില്‍ 30.25 ശരാശരിയില്‍ ഗെയ്ല്‍ ആകെ നേടിയത് 242 റണ്‍സ് മാത്രം. 88.32 മാത്രമായിരുന്നു ഗെയ്‌ലിന്റെ പ്രഹരശേഷി. ഉയര്‍ന്ന സ്കോറാകട്ടെ 72 റണ്‍സും.

മാര്‍ട്ടിന്‍ ഗപ്ടില്‍: കഴിഞ്ഞ ലോകകപ്പിന്റെ താരങ്ങളിലൊരാളായിരുന്ന ഗപ്ടിലില്‍ നിന്ന് ന്യൂസിലന്‍ഡ് ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ 11 കളികളില്‍ നിന്ന് വെറും 186 റണ്‍സാണ് ഗപ്ടിലിന്റെ സമ്പാദ്യം. ആദ്യ കളിയില്‍ നേടിയ 73 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രണ്ട് തവണ ഗോള്‍ഡന്‍ ഡക്കായ ഗപ്ടില്‍ ഫീല്‍ഡിംഗ് മികവിന്റെ പേരില്‍ മാത്രമാണ് പലപ്പോഴും ടീമില്‍ നിന്നത്.

ഹാഷിം അംല: അംലയുടെ പരിചയസമ്പത്ത് ലോകകപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തെറ്റി. ഫോം ഔട്ടായ താരം ഏഴ് കളികളില്‍ നിന്ന് നേടിയത് 203 റണ്‍സ് മാത്രം. പ്രഹരശേഷിയാകട്ടെ 64.86 മാത്രവും. അഫ്ഗാനും ശ്രീലങ്കക്കുമെതിരെ നേടിയ അര്‍ധസെഞ്ചുറികള്‍ മാത്രമാണ് അംലക്ക് എടുത്തുപറയാനുള്ളത്. ഒറ്റ സിക്സര്‍ പോലും നേടിയതുമില്ല.

കേദാര്‍ ജാദവ്: പ്രതീക്ഷക്കൊത്തുയരാന്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാനായ കേദാര്‍ ജാദവിനായില്ല. അഞ്ച് കളികളില്‍ നിന്ന് ആകെ നേടിയത് 80 റണ്‍സ്. ഇതില്‍ അഫ്ഗാനെതിരെ നേടിയ അര്‍ധസെഞ്ചുറിയും ഉള്‍പ്പെടും. ബൗളിംഗിലും ജാദവ് പൂര്‍ണ പരാജയമായി.

ഗ്ലെന്‍ മാക്സ്‌വെല്‍: ലോകകപ്പില്‍ ഏറെ പ്രതീക്ഷയുള്ള താരങ്ങളിലൊരാളായിരുന്നു ഓസ്ട്രേലിയയുടെ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്സ്‌വെല്‍. എന്നാല്‍ കളിച്ച 10 കളികളില്‍ നിന്ന് മാക്സ്‌വെല്‍ ആകെ നേടിയത് 177 റണ്‍സ്. 150 പ്രഹരശേഷിയുണ്ടെങ്കിലും 22.12 മാത്രമാണ് മാക്സ്‌വെല്ലിന്റെ ബാറ്റിംഗ് ശരാശരി.

ഷൊയൈബ് മാലിക്ക്: പാക്കിസ്ഥാന്റെ എവര്‍ഗ്രീന്‍ കളിക്കാരനായ മാലിക്ക് ഇത് മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരിക്കും. കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും കളിച്ച ബാറ്റ്സ്മാന്‍മാരില്‍ 2.66 ശരാശരിയുമായി ഈ ലോകകപ്പിലെ ഏറ്റവും മോശം ശരാശരിയുള്ള ബാറ്റ്സമാന്‍ മാലിക്കാണ്. പാര്‍ട്ട് ടൈം ബൗളറായ മാലിക്കിന് ഒരു വിക്കറ്റ് പോലും നേടാനായതുമില്ല.

സര്‍ഫ്രാസ് അഹമ്മദ്: പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ് ലോകകപ്പിലെ ഫ്ലോപ്പ് ഇലവന്റെ നായകന്‍. പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും അവയൊന്നും വലിയ സ്കോറാക്കി മാറ്റാന്‍ സര്‍ഫ്രാസിനായില്ല. എട്ടുകളികളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 143 റണ്‍സാണ് സര്‍ഫ്രാസിന്റെ ആകെ നേട്ടം.

റാഷിദ് ഖാന്‍: ലോകകപ്പിലെ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ബൗളറായിരുന്നു അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. എന്നാല്‍ ഒമ്പത് മത്സരങ്ങളില്‍ ആകെ ആറു വിക്കറ്റ് മാത്രമാണ് റാഷിദ് നേടിയത്. 69.33 മാത്രമാണ് റാഷിദിന്റെ ശരാശരി. ആകെ എറിഞ്ഞ 431 പന്തില്‍ 5.79 ഇക്കോണമിയില്‍ 416 റണ്‍സ് വഴങ്ങുകയും ചെയ്തു.

മഷ്ഫറഫി മൊര്‍ത്താസ: ബംഗ്ലാദേശിന്റെ ഇതിഹാസതാരം മഷ്റഫി മൊര്‍ത്താസയാണ് ഈ ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ മറ്റൊരു കളിക്കാരന്‍. എട്ടുകളികളില്‍ ഒരേയൊരു വിക്കറ്റാണ് മൊര്‍ത്താസ നേടിയത്. ആകെ എറിഞ്ഞ 361 പന്തില്‍ 336 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടാന്‍ മൊര്‍ത്താസക്കായില്ല.

കാഗിസോ റബാദ:ഐപിഎല്ലിലെ മികവ് ലോകകപ്പില്‍ തുടരാന്‍ റബാദക്കായില്ല. ദക്ഷിണാഫ്രിക്കയുടെ പേസ് കുന്തമുനയാകുമെന്ന് കരുതിയ റബാദ ശരാശരിയിലും താഴെയുള പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പത് കളികളില്‍ ആകെ 11 വിക്കറ്റ് മാത്രമാണ് റബാദയുടെ സമ്പാദ്യം. ഐപിഎല്ലിലെ  രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു റബാദ.

കുല്‍ദീപ് യാദവ്: പാക്കിസ്ഥാനെതിരായ മത്സരത്തിലൊഴികെ കുല്‍ദീപിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ഐപിഎല്ലിലെ തിരിച്ചടികളില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് കുല്‍ദീപിന്റെ ഓരോ പ്രകടനവും അടിവരയിട്ടു. ഏഴ് കളികളില്‍ ആറ് വിക്കറ്റ് മാത്രമാണഅ കുല്‍ദീപിന്റെ പേരിലുള്ളത്.