സിഡ്നി: പന്തുചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനും വീണ്ടും തിരിച്ചടി. ഇരുവരുടേയും വിലക്ക് നീക്കണമെന്ന ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളി. സമീപകാലത്തെ ഓസീസ്  ടീമിന്റെ മോശം പ്രകടനം കാരണം ഇന്ത്യക്കെതിരായ പരമ്പരയിൽ ഇരുവർക്കും അവസരം നൽകണം എന്ന് ആയിരുന്നു കളിക്കാരുടെ സംഘടനയുടെ ആവശ്യം.

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനുമുള്ള വിലക്ക് തുടരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ഡിസംബര്‍ 29 നാണ് അവസാനിക്കുക. അതേസമയം 2019 മാര്‍ച്ച് 29 കഴിയാതെ സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ കഴിയില്ലെന്ന വ്യക്തമാക്കുന്നതാണ് ഓസ്ട്രേലിയ ക്രിക്കറ്റിന്റെ തീരുമാനം. ഇന്ത്യക്കെതിരായ പരമ്പരയില്‍ സ്മിത്തിനും വാര്‍ണറിനും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കളിക്കാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

ഇരുവര്‍ക്കും നല്‍കിയ ശിക്ഷ അമിതമാണെന്ന അഭിപ്രായമായിരുന്നു കളിക്കാരുടെ സംഘടനയ്ക്ക് ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരുണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് നായകന്‍ സ്മിത്തിനെയും ഉപനായകന്‍ വാര്‍ണറെയും യുവതാരം ബാന്‍ക്രോഫ്‌റ്റിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു.