ഗുവാഹത്തി: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്ന് അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നെന്ന പരാതിയുമായി അർജുന അവാർഡ് ജേതാവും ഇന്ത്യൻ വനിത ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ സൂരജ് ലതാ ദേവി. വിവാഹം കഴിഞ്ഞത് മുതൽ സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായി പീഡനമനുഭവിച്ചു വരികയാണെന്ന് ഇവർ പരാതിയില്‍ വ്യക്തമാക്കി. പശ്ചിമ റെയിൽവേയിലെ മുൻജീവനക്കാരനാണ് ഇവരുടെ ഭർത്താവ് ശാന്തസിം​ഗ്. 2005 ലാണ് ഇവർ വിവാഹിതയായത്. ​ഗാർഹിക പീഡനം ആരോപിച്ചാണ് ഇവർ പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

മെഡലുകൾ നേടിയതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ചോദിച്ച് ഭർത്താവ് നിരന്തരം പരിഹസിച്ചിരുന്നതായി സൂരജ് ലതാ ദേവി പറഞ്ഞു. അസാന്മാർഗിക സ്വഭാവം ഉപയോ​ഗിച്ചാണ് അർജ്ജുന അവാർഡ് കൈക്കലാക്കിയതെന്നാണ് ‌ഭർത്താവ് അധിക്ഷേപിക്കുന്നത്. ''ഭർത്താവിന്റെ പെരുമാറ്റം മാറുമെന്ന വിശ്വാസത്തിൽ എല്ലാം സഹിക്കുകയായിരുന്നു. ഇക്കാര്യം പരസ്യമാക്കണമെന്ന്  ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഒരാളുടെ ക്ഷമയ്ക്കും സഹിഷ്ണുതയ്ക്കും ഒരു പരിധിയുണ്ട്,” സൂരജ് ലതാ ദേവി പറഞ്ഞു. സുൽത്താൻപൂർ ലോധിയിലെ റെയിൽ കോച്ച് ഫാക്ടറി സംഘടിപ്പിച്ച ടൂർണമെന്റിൽ ഔദ്യോഗിക ചുമതല വഹിക്കുന്നതിനിടെ 2019 നവംബറിൽ പഞ്ചാബിലെ കപൂർത്തലയിൽ വച്ച് ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചുവെന്നും തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സൂരജ് ലതാ ദേവി പറഞ്ഞു.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സുൽത്താൻപൂർ ലോധി പൊലീസ് വ്യക്തമാക്കി. മണിപ്പൂർ പൊലീസ് പൊലീസിൽ സൂരജ് ലതാ ദേവി നൽകിയിരുന്ന പരാതിയും സുൽത്താൻപൂർ ലോധി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ലതാ ദേവിയുടെ ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

സൂരജ് ലതാ ദേവി ക്യാപ്റ്റനായിരിക്കെ 2002-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ടീം കിരീടം നേടിയിരുന്നു. ഇതാണ് ചക് ദേ ഇന്ത്യ എന്ന ചിത്രത്തിന് പ്രചോദനമായത്. 2003ലെ ആഫ്രോ- ഏഷ്യൻ ഗെയിംസ്, 2004ലെ ഹോക്കി ഏഷ്യ കപ്പ് എന്നിവയിലും ഇന്ത്യ കിരീടം നേടിയത് സൂരജ് ലതാ ദേവി ക്യാപ്റ്റനായിരിക്കെയാണ്.