ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് ജപ്പാന്‍. കാണികളുടെ സാന്നിധ്യത്തില്‍ തന്നെ ഒളിംപിക്‌സ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ജപ്പാനിലെ ഒളിംപിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ പറഞ്ഞു. 

ഒളിംപിക്‌സിന്‍റെ സുരക്ഷിതത്വത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. കോവിഡ് ഭീഷണിയുണ്ടെങ്കിലും സമ്പൂർണ ഒളിംപിക്‌സ് തന്നെയാണ് ജപ്പാന്റെ ലക്ഷ്യമെന്നും സെയ്‌കോ ഹാഷിമോട്ടോ വ്യക്തമാക്കി. നേരത്തെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ഒളിംപിക്‌സ് മാറ്റിവയ്ക്കില്ലെന്ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് ഒന്‍പതിനാണ് ഒളിംപിക്‌സ് തുടങ്ങേണ്ടത്. ഇതേസമയം, വിവിധ കായിക സംഘടനകള്‍ ഒളിംപിക്‌സ് നടത്തിപ്പില്‍ ആശങ്ക അറിയിച്ചു. പകുതിയിലേറെ താരങ്ങള്‍ക്ക് ഇതുവരെ ഒളിംപിക്‌സ് യോഗ്യത നേടാനായിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഒളിംപിക്‌സ് സമിതി ഉപാധ്യക്ഷനും കൊവിഡ് 19

ജപ്പാന്‍ ഒളിംപിക്‌സ് സമിതി ഉപാധ്യക്ഷനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ കൊസോ തഷിമയാണ് കൊവിഡ് ബാധിതനാണെന്ന് വെളിപ്പെടുത്തിയത്.

ഫെബ്രുവരി 28ന് രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാനായി ബെല്‍ഫാസ്റ്റിലും യുവേഫ യോഗത്തില്‍ പങ്കെടുക്കാനായി മാര്‍ച്ച് രണ്ട് മുതല്‍ ആംസ്റ്റര്‍ഡാമിലും സന്ദര്‍ശനം നടത്തിയിരുന്നതായി തഷിമ പറഞ്ഞു. അവിടെ നിന്ന് പിന്നീട് അമേരിക്കയിലേക്കും പോയി. ആംസ്റ്റര്‍ഡാമിലെ യുവേഫ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് 19 ആശങ്ക ഇത്രയും ശക്തമായിരുന്നില്ലെന്നും അതിനാല്‍ തന്നെ എല്ലാവരും ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തുമാണ് പരസ്പരം അഭിവാദ്യം ചെയ്തതെന്നും തഷിമ പറഞ്ഞു.

ദീപശിഖാ പ്രയാണത്തിന് നിയന്ത്രണം

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണത്തില്‍ ജപ്പാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കിയാവും ദീപശിഖാ പ്രയാണം നടത്തുക. ഇതിന്റെ ഭാഗമായി നേരത്തേ നിശ്ചയിച്ച ചില പരിപാടികള്‍ ഉപേക്ഷിച്ചു. ഈമാസം ഇരുപതിനാണ് ദീപശിഖ ജപ്പാനിലെത്തുക. ജപ്പാനിലെ എല്ലാ പ്രവിശ്യകളും ഉള്‍പ്പടെ 121 ദിവസമാണ് ദീപശിഖാ പ്രയാണം നിശ്ചയിച്ചിരിക്കുന്നത്. ഗ്രീസില്‍ നടത്താനിരുന്ന ദീപശിഖാ പ്രയാണവും വേണ്ടെന്ന് വച്ചിട്ടുണ്ട്.