ടോക്കിയോ: കൊവിഡ് 19 പശ്ചാത്തലത്തിൽ ടോക്കിയോ ഒളിംപിക്സ് മാറ്റിവക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് രോഗബാധ നിയന്ത്രണവിധേയമാകും വരെ ഗെയിംസ് നടത്തരുതെന്ന് നോര്‍വ്വെ ആവശ്യപ്പെട്ടു.  

ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് നീട്ടണമെന്ന് അമേരിക്കന്‍ നീന്തൽ ഫെഡറേഷനും ആവശ്യപ്പെട്ടു. താരങ്ങളുടെ പരിശീലനക്രമം  താറുമാറായതിനാല്‍ ഗെയിംസ് ഈ വര്‍ഷം പ്രായോഗികമല്ലെന്ന് അമേരിക്കന്‍ നീന്തൽ ഫെഡറേഷന്‍ സിഇഒ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒളിംപിക്സിലെ നീന്തലില്‍ 16 സ്വര്‍ണം അടക്കം 33 മെഡൽ നേടിയ അമേരിക്ക എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നു.

കോവിഡ് ആശങ്ക നീങ്ങാതെ നോര്‍വീജിയന്‍ താരങ്ങളെ ടോക്കിയോയിലേക്ക് അയക്കില്ലെന്നാണ് നോര്‍വീജിയന്‍ ഒളിംപിക്സ് ഫെഡറേഷന്‍റെ നിലപാട്. മുന്‍നിശ്ചയിച്ച പ്രകാരം ജൂലൈ 24ന് തന്നെ ഒളിംപിക്സ് തുടങ്ങുമെന്ന നിലപാടിലാണ് രാജ്യാന്തര ഒളിംപിക് സമിതി.

ഒളിംപിക്സ് റദാക്കുന്നത് അജണ്ടയില്‍ ഇല്ല: തോമസ് ബാക്ക്

ടോക്കിയോ ഒളിംപിക്സ് റദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്ക് വ്യക്തമാക്കിയിരുന്നു. കൊവിഡ് ഭീതി വ്യാപകമെങ്കിലും ഗെയിംസ് നടത്താന്‍ കഴിയുന്ന സാധ്യതകള്‍ ഐഒസി ഇപ്പോഴും തേടുകയാണെന്നും ബാക്ക് പറഞ്ഞു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാക്കിന്‍റെ പ്രതികരണം.

ഇപ്പോഴേ ഗെയിംസ് നീട്ടിവയ്ക്കേണ്ട തീരുമാനം എടുക്കേണ്ടതില്ല. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം സ്വീകരിച്ചാകും അന്തിമ തീരുമാനമെന്നും ബാക്ക് വ്യക്തമാക്കി. സാമ്പത്തിക താത്പര്യം അല്ല, കായികതാരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം പരിഗണിച്ചാകും അന്തിമ തീരുമാനം എന്നും ബാക്ക് വിശദീകരിച്ചു. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ടോക്കിയോ ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക