മുംബൈ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്‌കൂളുകള്‍ തുറക്കാതായതോടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വരുമാന മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. പല അധ്യാപകരും മറ്റ് ജോലികളുമായി ഇറങ്ങുകയാണിപ്പോള്‍. അത്തരത്തിലൊരു അധ്യാപകന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുംബൈയിലെ ഒരു സ്കൂളിലെ ഫുട്ബോൾ പരിശീലകന്‍ പ്രസാദ് ഭോസാലെയാണ് ജീവിക്കാൻ വേണ്ടി ഇപ്പോൾ പച്ചക്കറി വിൽപ്പനയെ ആശ്രയിച്ചിരിക്കുന്നത്. കണ്ടിവാലിയിലാണ് ഇദ്ദേഹം പച്ചക്കറി വിൽപ്പന നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസമായി താൻ വിൽപ്പന നടത്തുന്നുവെന്നും പ്രസാദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

 "കഴിഞ്ഞ രണ്ട് മാസമായി ഞാൻ പച്ചക്കറി വിൽക്കുകയാണ്. തുടക്കത്തിൽ തെരുവുകൾ തോറുമാണ് പച്ചക്കറി വിൽപ്പന നടത്തിയത്, പക്ഷേ അധികാരികൾ അനുവദിക്കാത്തതിനാൽ ഒരു കട വാടകയ്‌ക്കെടുത്തു. മാസം 6000 രൂപയാണ് വാടകയായി നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഒരു ഫുട്ബോൾ പരിശീലകനായി ജോലി ചെയ്യുകയാണ്. പ്രതിമാസം ഇരുപത്തയ്യായിരത്തോളം  രൂപ വരുമാനം ലഭിക്കുമായിരുന്നു. കോച്ചിംഗ് നടത്തിയിരുന്ന സ്കൂൾ പൂട്ടിയിട്ടതിനാൽ വരുമാനം നഷ്ടമായി" പ്രസാദ് ഭോസാലെ പറയുന്നു.

അതിജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതായി, കാര്യങ്ങൾ സാധാരണമാകുന്നതുവരെ പച്ചക്കറി വിൽപ്പന നടത്താനുള്ള ആശയം നൽകിയത് ഒരു സുഹൃത്താണ്. തുടക്കത്തിൽ അൽപം പ്രയാസം നേരിട്ടെങ്കിലും ഇപ്പോൾ ശീലമായെന്നും പ്രസാദ് പറയുന്നു. ഇപ്പോൾ പ്രതിദിനം 500-600 രൂപ നേടാൻ കഴിയുന്നുണ്ടെന്നും പച്ചക്കറി ഹോം ഡെലിവറി ചെയ്യാൻ‍ ആരംഭിച്ചതായും പ്രസാദ് കൂട്ടിച്ചേർത്തു.