സിഡ്നി: പായ്‍‍വ‍ഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ, ഗുരുതരമായി പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതനെന്ന് സന്ദേശം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഓസ്‍ട്രേലിയന്‍ സംഘത്തിന്, അഭിലാഷിന്റെ പായ്‍‍വഞ്ചി എവിടെയെന്ന് കണ്ടെത്താനായിട്ടുണ്ട്. തനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്ന് അഭിലാഷ്, സാറ്റലൈറ്റ് ഫോണിലൂടെ അധികൃതരെ അറിയിച്ചു.

ഒറ്റയ്‌ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ്‌വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ആം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നാം സ്ഥാനത്തായി മുന്നേറിയിരുന്ന അഭിലാഷിന്റെ തുരിയ എന്ന പായ്‍‍വഞ്ചി മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്ന പൊങ്ങിയ തിരമാലയിലും പെട്ട് ആടിയുലഞ്ഞു.

പായ്‍‍വഞ്ചിയുടെ തൂണ് തകരുകയും മുതുകിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അധികൃതരെ അറിയിച്ച അഭിലാഷ് തനിക്ക് എഴുന്നേല്‍ക്കാനാകുന്നിലെന്ന സന്ദേശവും വൈകീട്ട്
നല്‍കി. ഓസ്‍ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 2600 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറായി അപകടം സംഭവിച്ചുവെന്ന വിവരത്തിന് പിന്നാലെ കാന്‍ബറയിലെ ഓസ്‍ട്രേലിയന്‍ റെസ്ക്യു കോര്‍‌ഡിനേറ്റിങ് സെന്‍ററിന്‍റെ നേതൃത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടങ്ങി.ഐഎന്‍എസ് സത്പുര എന്ന കപ്പല്‍ ഓസ്‍ട്രേലിയന്‍ ചേതക് ഹെലികോപ്റ്ററും ഐഎന്‍എസ് ജ്യോതി
ടാങ്കറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാവികന്‍ സുരക്ഷിതനാണെന്നും അപടകഘട്ടത്തില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള പ്രത്യേക റേഡിയോ ബീക്കണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാവിലെ 9 മണിയോടെ അഭിലാഷ് ടോമിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ സ്ഥിരികരിച്ചത് ആശ്വാസമായി. കടുത്ത പുറം വേദന അനുഭവപ്പെടുന്ന അഭിലാഷ് പായ്‍‍വഞ്ചിയില്‍ കിടക്കുകയാണെന്നാണ് വിവരം. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് പായ്വഞ്ചികളിലുള്ളവരോട് അഭിലാഷിന്റെ അടുത്തേക്ക് പോകാന്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഏറ്റവും സമീപത്തുള്ള പായ്‍‍വഞ്ചിയിലെ ഗ്രിഗറി മക്ഗുക്കിന് തിങ്കളാഴ്ച മാത്രമേ അഭിലാഷിന് അടുത്തെത്താന്‍ കഴിയൂവെന്നാണ് സൂചന. ജിപിഎസ് അടക്കം ആധുനീക സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍, 1960കളില്‍ കടല്‍ പര്യവേക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലാശ്രയിച്ചാണ് പ്രയാണം.

നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനീക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉള്ളത്. 18 പേരാണ് ജൂലൈ ഒന്നിന് മത്സരം തുടങ്ങിയതെങ്കിലും മോശം കാലാവസ്ഥ കാരണം ഏഴ് പേര്‍ പിന്മാറിയിരുന്നു. അതേസമയം, ബാഹ്യസഹായം തേടിയാല്‍ മത്സരത്തില്‍ പുറത്താകുമെന്നാണ് നിയമം എന്നതിനാല്‍, അഭിലാഷിന് കിരീടപ്രതീക്ഷകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.