Asianet News MalayalamAsianet News Malayalam

റയല്‍ ആരാധകര്‍ക്ക് പ്രതീക്ഷ വേണ്ട, അവന്‍ തിരിച്ചെത്തില്ല

  • കഴിഞ്ഞ സീസണിലാണ് റോഡ്രിഗസിനെ ബയേണിന് വായ്പ അടിസ്ഥാനത്തില്‍ നല്‍കിയത്
James rodriguez will not return to real madrid
Author
First Published Jul 20, 2018, 8:43 PM IST

മ്യൂണിക്: 2014ലെ ബ്രസീലിയന്‍ ലോകകപ്പിന് ശേഷം കണ്ട ഏറ്റവും മികച്ച നീക്കങ്ങളിലൊന്നായിരുന്നു റയല്‍ മാഡ്രിഡ് ജെയിംസ് റോഡ്രിഗസിനെ ടീമിലെത്തിച്ചത്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വലിയ പ്രതീക്ഷകളുമായി സ്പെയിനിലെത്തിയ റോഡ്രിഗസിന് പക്ഷേ, റയലില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയിട്ട് പോലും ഗോളുകള്‍ അടിച്ച് പല മത്സരങ്ങളിലും റയലിനെ വിജയത്തിലെത്തിച്ചിട്ടും ആദ്യ ഇലവനില്‍ റോഡ്രിഗസിന് സ്ഥാനം കിട്ടിയില്ല.

മൂന്ന് വര്‍ഷത്തിന് ശേഷം 2017ല്‍ റയല്‍, റോഡ്രിഗസിനെ രണ്ടു വര്‍ഷത്തേക്ക് ബയേണ്‍ മ്യൂണിക്കിന് വായ്പയായി നല്‍കി. കരാര്‍ തീരുമ്പോള്‍ താരത്തെ വാങ്ങാനും അവസരമുണ്ടെന്ന വ്യവസ്ഥയും മ്യൂണിക്കുമായി റയലിനുണ്ട്. ജര്‍മനിയില്‍ ആദ്യമൊന്ന് പരുങ്ങിയെങ്കിലും മിന്നുന്ന പ്രകടനമാണ് നിലയുറപ്പിച്ചതോടെ കൊളംബിയന്‍ താരം നടത്തിയത്.

കഴിഞ്ഞ സീസണില്‍ എട്ടു ഗോളും 13 അസിസ്റ്റുമായി ബയണിന്‍റെ ജര്‍മന്‍ ലീഗ് കിരീടനേട്ടത്തിൽ പ്രധാന പങ്ക് വഹിക്കാന്‍ ജയിംസിനായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയതോടെ റോഡ്രിഗസിനെ തിരിച്ച് പാളയത്തിലെത്തിക്കാന്‍ റയല്‍ ശ്രമം തുടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പ്രതികരണവുമായി വന്നിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്‍റെ പുതിയ പരിശീലകന്‍ നിക്കോ കൊവാച്ച്.

കൊളംബിയന്‍ താരം ജയിംസ് റോഡ്രിഗസിനെ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചയക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. മാധ്യമങ്ങളില്‍ മറിച്ചുവരുന്ന അഭ്യൂഹങ്ങള്‍ പ്രസക്തം അല്ലെന്നും കൊവാച്ച് പറഞ്ഞു. രണ്ടു വര്‍ഷത്തേക്ക് വായ്പാടിസ്ഥാനത്തിലാണ് റയല്‍ റോഡ്രിഗസിനെ ബയേണിന് കൈമാറിയത്. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. അടുത്ത സീസണില്‍ വായ്പ കരാര്‍ തീരുന്നതോടെ റോഡ്രിഗസിനെ സ്വന്തമാക്കാനാണ് ബയേണിന്‍റെ തീരുമാനമെന്നാണ് സൂചന.

ഇത്തവണത്തെ ലോകകപ്പ് അത്ര സുഖമുള്ള ഓര്‍മയല്ല കൊളംബിയന്‍ താരത്തിന് സമ്മാനിച്ചത്. പരിക്കേറ്റ് കളം വിടേണ്ടി വന്ന ജെയിംസിന് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനും കഴിഞ്ഞില്ല. സ്പെയിനിലേക്ക് മടങ്ങാന്‍ റോഡ്രിഗസിനും താത്പര്യമില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ജര്‍മനിയിലെ മികച്ച ലീഗാണ്. സ്റ്റേഡിയങ്ങള്‍ എപ്പോഴും നിറയുന്നു. മറ്റൊരു തരത്തിലുള്ള ചിന്തയോടെയാണ് ഇവിടെ എത്തിയത്. പക്ഷേ, ഞാന്‍ സന്തുഷ്ടനാണ്. ഇവിടെ നില്‍ക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ജെയിംസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios