മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ ഏറ്റവും പ്രൗഢിയുള്ള ക്ലബ് ഏതാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ മുന്നിലായിരുന്നു മാഞ്ചസ്റ്റര്‍ യുണെെറ്റഡിന്‍റെ സ്ഥാനം. സര്‍ അലക്സ് ഫെര്‍ഗൂസന്‍ എന്ന ഇതിഹാസ പരിശീലകന് കീഴില്‍ വിജയങ്ങളുടെ പടവുകള്‍ കയറിയ ടീമിന് പക്ഷേ തലമുറ കെെമാറ്റം വന്നപ്പോള്‍ ശക്തി ചോര്‍ന്നു പോയി. ഹോസെ മൗറീഞ്ഞോ എന്ന പ്രഗത്ഭനായ പരീശീലകന്‍റെ മികവില്‍ പുതിയ കുതിപ്പാണ് മാഞ്ചസ്റ്റര്‍ ഇത്തവണ ലക്ഷ്യമിടുന്നത്.

പക്ഷേ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ശക്തിപ്പെടുത്താൻ ഇനിയും താരങ്ങൾ ആവശ്യമാണെന്നാണ് കോച്ച് ഹോസെ മൗറീഞ്ഞോ പറയുന്നത്. ലോകകപ്പിന് ശേഷം കളിക്കാർ എല്ലാവരും തിരിച്ചെത്താത്തത് ടീമിന്‍റെ മുന്നൊരുക്കത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനമാണ് ചുവന്ന ചെകുത്താന്മാര്‍ക്ക് ലഭിച്ചത്.

കൂടാതെ, എഫ്എ കപ്പ് ഫൈനലിൽ ചെൽസിയോട് കാലിടറി. ചാമ്പ്യന്‍സ് ലീഗിലും കാര്യമായ ചലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയതോടെ മൗറീഞ്ഞോ ടീമിന്‍റെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ല. പുതിയ സീസണിലേക്ക് മുന്നൊരുക്കം നടത്തുമ്പോഴും കോച്ചിന്‍റെ അവസ്ഥയിൽ മാറ്റമില്ല. ലോകകപ്പ് കഴിഞ്ഞ് പ്രമുഖ താരങ്ങൾ ടീമിനൊപ്പം ചേർന്നിട്ടില്ല.

യുണൈറ്റഡിന്‍റെ എട്ട് താരങ്ങളാണ് ലോകകപ്പ് സെമിഫൈനലിൽ കളിച്ചത്. ഇവരെല്ലാം ഇപ്പോഴും വിശ്രമത്തിലാണ്. താരക്കൈമാറ്റ സമയത്ത് പ്രതീക്ഷിച്ച താരങ്ങളെ കിട്ടിയുമില്ല. ഫ്രെഡ്, ഡീഗോ ഡാലറ്റ്, ലീ ഗ്രാന്‍റ് എന്നിവരാണ് ഇത്തവണ യുണൈറ്റഡിൽ എത്തിയത്. ചെൽസിയുടെ വില്യൻ, ക്രൊയേഷ്യൻ താരം ആന്‍റേ റെബിച്, ടോട്ടനത്തിന്റെ ആൾഡർവീൾഡ് എന്നിവർക്കായി ശ്രമിച്ചെങ്കിലും ടീമിലെത്തിക്കാനായില്ല.

താരക്കൈമാറ്റം അവസാനിക്കുന്ന ഓഗസ്റ്റ് ഒൻപതിന് മുൻപ് രണ്ടു താരങ്ങളെക്കൂടി ടീമിലെത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ പ്രതീക്ഷിച്ചപ്പോലെ ആവില്ലെന്നും മൗറീഞ്ഞോ ടീം മാനേജ്മന്‍റിന് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ സീസണിൽ ഒറ്റക്കിരീടം പോലും നേടാതെ പ്രയാസപ്പെട്ട യുണൈറ്റഡ് ഈ സീസണിലും ശരിയായ ദിശയിലൂടെ അല്ല പോകുന്നതെന്ന് മുൻതാരം പോൾ സ്കോൾസും പറയുന്നു.