ബെംഗളൂരു: കൊവിഡ് 19 ഭീതിമൂലം ടോക്കിയോ ഒളിംപിക്സ് 2021ലേക്ക് മാറ്റിയത് സ്വാഗതം ചെയ്ത് ഒളിംപ്യന്‍ കെ ടി ഇർഫാന്‍. യോഗ്യത നേടിയവർ വീണ്ടും യോഗ്യതക്കായി മത്സരിക്കേണ്ട എന്ന ഐഒസി തീരുമാനം ആശ്വാസകരമാണ് എന്നും ബെംഗളൂരു സായിയില്‍ പരിശീലനം നടത്തുന്ന ഇർഫാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2012ലെ ലണ്ടന്‍ ഒളിംപിക്സ് നടത്തത്തില്‍ 10-ാം സ്ഥാനത്തെത്തിയ വിസ്മയ താരമാണ് കെ ടി ഇർഫാന്‍. 

ഒളിംപിക്സ് മാറ്റിയത് എന്തുകൊണ്ട് ഗുണകരം?

'ഇത്തവണ ഒളിംപിക്സ് നടന്നിരുന്നെങ്കില്‍ ഒരുപാട് രാജ്യങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡിന്‍റെ പിടിയിലാണ്. എല്ലാ രാജ്യങ്ങളും അത്ലറ്റുകളും ഒളിംപിക്സില്‍ പങ്കെടുക്കേണ്ടതുണ്ട്. 2020 ഒളിംപിക്സിലേക്ക് ഇതിനകം യോഗ്യത നേടിയവർ 2021നായി വീണ്ടും യോഗ്യത നേടേണ്ടതില്ല എന്നത് ആശങ്കകളൊഴിവാക്കുന്നു'. 

'ഞാന്‍ 2019 മാർച്ചില്‍ യോഗ്യത നേടിയിരുന്നു. ഒരു മണിക്കൂർ 21 മിനുറ്റ് എന്ന യോഗ്യതാ മാർക്ക് കടുപ്പമേറിയതാണ്. യോഗ്യത ഉറപ്പിച്ചതിനാല്‍ ടെന്‍ഷന്‍ ഫ്രീയായി പരിശീലനം നടത്താം'. 

ലോക്ക് ഡൌണില്‍ സായിയിലെ ജീവിതം

'സായില്‍ ആർക്കും പുറത്തിറങ്ങാനാവില്ല, ആർക്കും അകത്തേക്കും വരാനാകില്ല. വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട്. സ്റ്റാഫുകള്‍ കുറവായതിനാല്‍ ഭക്ഷണം ഉണ്ടാക്കാനെല്ലാം ഇടയ്ക്ക് സഹായിക്കും. മലയാളി താരങ്ങളായ പി ആർ ശ്രീജേഷ്, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവരും സായ് ക്യാംപിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല.ലോക്ക് ഡൌണിന് ശേഷം നാട്ടില്‍ വരാന്‍ ആഗ്രഹമുണ്ട്' എന്നും കെ ടി ഇർഫാന്‍ പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക