സാന്റോസ്: ബ്രസീലിയന്‍ ഫുട്ബാള്‍ സൂപ്പര്‍ താരം നെയ്മറുടെ അമ്മയുടെ കാമുകന് പരിക്കേറ്റു. 23കാരനായ തിയാഗോ റാമോസിനാണ് കൈയ്ക്ക് പരിക്കേറ്റത്. സംഭവത്തില്‍ നെയ്മറുടെ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരും താമസിച്ചിരുന്ന സാന്റോസിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ചാണ് തിയാഗോക്ക് പരിക്കേറ്റത്. ബ്രസീലിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 


നെയ്മറുടെ അമ്മയായ 53കാരി നദൈന്‍ ഗോണ്‍സാല്‍വസും 23കാരനായ തിയാഗോ റാമോസും ഒരുമിച്ച് ജീവിതമാരംഭിച്ചത് അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരുന്നു. ബന്ധത്തിന് പിന്തുണയുമായി നെയ്മറും മുന്‍ ഭര്‍ത്താവ് നെയ്മര്‍ സീനിയറും രംഗത്തെത്തിയിരുന്നു. എന്നാല്‍, റാമോസ് മുമ്പ് സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ബന്ധത്തില്‍ റാമോസിനെതിരെ ഗാര്‍ഹിക പീഡന പരാതിയും നിലനില്‍ക്കുന്നുണ്ട്.

Also Read: പുരുഷന്മാരുമായി ബന്ധം; 23കാരനുമായുള്ള ബന്ധം നെയ്മറിന്റെ അമ്മ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

തിയാഗോ റാമോസിനെ പരിക്കേറ്റ ഉടന്‍ നദൈനാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചതെന്നും അപകടത്തിലാണ് പരിക്കേറ്റതെന്നും അവരുടെ വക്താവ് അറിയിച്ചു. എന്നാല്‍, ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്നാണ് റാമോസിന് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെയ്മര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.