മുംബൈ: അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് സുശാന്തിന് നീതി ലഭിക്കണമെന്ന് റെയ്ന ആവശ്യപ്പെട്ടത്. സുശാന്ത് എക്കാലവും ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും റെയ്ന കുറിക്കുന്നു. 

“സഹോദരാ, താങ്കൾ എക്കാലവും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. മറ്റെന്തിനേക്കാളും ആരാധകർ നിങ്ങളെ മിസ് ചെയ്യും. താങ്കൾക്ക് നീതി ഉറപ്പാക്കാൻ നമ്മുടെ സർക്കാരും നേതാക്കളും സാധ്യമായതെല്ലാം ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നിങ്ങൾ യഥാർത്ഥ പ്രചോദനമാണ്“, റെയ്ന കുറിക്കുന്നു. #JusticeforSSR എന്ന ഹാഷ്ടാഗ് സഹിതമാണ് റെയ്നയുടെ പോസ്റ്റ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റെയ്ന ടാ​ഗ് ചെയ്തിട്ടുണ്ട്.

‘കേദാർനാഥ്’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ ആണ് റെയ്ന പങ്കുവയ്ക്കുന്നത്. ജൂൺ 14നാണ് മുംബൈയിലെ വസതിയിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ആരോപണം ഉയർന്നതിനെ പിന്നാലെ സുപ്രീംകോടതി കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നു.