അസുന്‍സ്യോൻ: ജയിലിലും ഗോളടിമേളം തുടര്‍ന്ന് നിറഞ്ഞു ചിരിച്ച് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. വ്യാജ പാസ്പോർട്ട് കേസിൽ അറസ്റ്റിലായി പാരഗ്വായിൽ ജയിലിൽ കഴിയുന്ന റൊണാൾഡീഞ്ഞോ തടവുകാര്‍ക്കായി സംഘടിപ്പിച്ച സൗഹൃ ഫുട്‌സാല്‍ മത്സരത്തില്‍ അഞ്ച് ഗോളടിക്കുകയും ആറ് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. തന്റെ ടീം നേടിയ 11 ഗോളുകളിലും റൊണാള്‍‍ഡീഞ്ഞോയുടെ കാല്‍സ്പര്‍ശമുണ്ടായിരുന്നു.

ജയിലിലെ തടവുകാർക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റില്‍ കളിക്കാന്‍ റൊണാള്‍ഡീഞ്ഞോ വിസമ്മതിച്ചിരുന്നുവെന്നും പരാഗ്വന്‍ ദിനപത്രമായ ഹോയ് റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍ ടൂര്‍ണമെന്റിനുശേഷം  സൗഹൃദപ്പോരാട്ടത്തിലേക്ക് തടവുകാര്‍ സ്നേഹപൂര്‍വം ക്ഷണിച്ചതോടെയാണ് റൊണാള്‍ഡീഞ്ഞോ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറായത്. മത്സരത്തില്‍ റൊണാള്‍ഡീഞ്ഞോയുടെ ടീം 11-2ന് ജയിച്ചു.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇതേ ജയിലിൽ കഴിയുന്ന പാരഗ്വായിലെ രാഷ്ട്രീയ നേതാവായ മിഗ്വേൽ ഷാവേസായിരുന്നു റൊണാൾഡീഞ്ഞോയുടെ എതിർ ടീമിലെ താരങ്ങളിലൊരാൾ. റൊണാൾഡീഞ്ഞോയെ ‘മാർക്ക്’ ചെയ്യാനുള്ള ചുമതലയും ഷാവേസിനായിരുന്നത്രേ. മത്സരശേഷം കളിക്കാർക്കൊപ്പം സൂപ്പർതാരം ഫോട്ടോയ്ക്കും പോസ് ചെയ്തു.

ജയിലില്‍ തുടക്കത്തില്‍ റൊണാള്‍ഡീഞ്ഞോ തീര്‍ത്തും അസ്വസ്ഥനായിരുന്നുവെന്നും ജയില്‍ ഭക്ഷണം നിരസിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈദ്യ പരിശോധനക്കും റൊണാള്‍ഡീഞ്ഞോയെ വിധേയനാക്കിയിരുന്നു. എന്നാല്‍ ജയില്‍ വാര്‍ഡന്‍ ബ്ലാസ് വേരയുമായി സംസാരിച്ചശേഷം റൊണാള്‍ഡീഞ്ഞോ സന്തോഷവാനായി കാണപ്പെട്ടുവെന്നും പത്രി റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിന് തലസ്ഥാന നഗരമായ അസുൻസ്യോനിലെ ഹോട്ടലിൽവച്ച് ഈ മാസം അഞ്ചിനാണ് പാരഗ്വായ് പൊലീസ് റൊണാൾഡീഞ്ഞോയെ അറസ്റ്റ് ചെയ്തത്. സഹോദരനും ബിസിനസ് മാനേജരുമായ റോബർട്ടോ ഡി അസീസ്, ബ്രസീലിലെ മറ്റൊരു വ്യവസായി എന്നിവരും റൊണാള്‍ഡീഞ്ഞോയ്ക്കൊപ്പം അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം നിഷേധിച്ചിരുന്നു.