ഹൈദരാബാദ്: വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് വിരമിച്ച ജര്‍മന്‍ ഫുട്ബോളര്‍ മെസൂദ് ഓസിലിനെ പിന്തുണച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. കായിക താരമെന്ന നിലയില്‍ വായിക്കേണ്ടിവരുന്ന സങ്കടകരമായ കാര്യമാണിത്. ഒരു മനുഷ്യനെന്ന നിലയിലും ഇത് വേദനിപ്പിക്കുന്നു. വംശീയ അധിക്ഷേപത്തെ ഒരിക്കലും തനിക്ക് അംഗീകരിക്കാനാവില്ല. ഇക്കാര്യങ്ങള്‍ സത്യമാണെങ്കില്‍ സങ്കടകരമാണ്- ഓസിലിന്‍റെ വിടവാങ്ങല്‍ കുറിപ്പ് സഹിതം സാനിയ ട്വിറ്ററില്‍ വ്യക്തമാക്കി. 

വംശീയമായി അധിക്ഷേപം നേരിട്ടെന്നു തുറന്നുപറഞ്ഞ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചാണ് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനൊപ്പം ഓസിൽ ചിത്രമെടുത്തതിനെതിരെ ജർമനിയിൽ ജനരോഷം ശക്തമായിരുന്നു. റഷ്യൻ ലോകകപ്പിന്റെ കിക്കോഫിനു മുൻപേ തുടങ്ങി ആദ്യ റൗണ്ടിൽ ജർമനി തോറ്റു പുറത്തായതിനു പിന്നാലെ കത്തിപ്പടർന്ന രാഷ്ട്രീയ- കായിക വിവാദത്തിനൊടുവിൽ ഓസിലിന് കളംവിടേണ്ടി വരികയായിരുന്നു.