ടെഹ്‌റാന്‍: കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസികമായി കാമുകിക്ക് ചുംബനം നല്‍കിയ കായിക താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാനിയന്‍ പാര്‍ക്കൗര്‍ താരം അലി റേസ ജലപാഗിയെയും യുവതിയെയുമാണ് ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അലി റേസ സ്വന്തം ട്വിറ്റര്‍ പേജിലൂടെ ചിത്രം പങ്കുവെച്ചിരുന്നു. ടെഹ്‌റാന്‍ സൈബര്‍ പൊലീസാണ് സംഭവം അന്വേഷിച്ച് കേസെടുത്തത്. 

അലി റേസ പോസ്റ്റ് ചെയ്ത ചിത്രം ശരീഅത്ത് നിയമത്തിന് വിരുദ്ധമായതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അലി റേസക്കെതിരെ പൊലീസിന്റേത് പ്രതികാര നടപടിയാണെന്നും മുമ്പും ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിയമനടപടിയുണ്ടായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. പൊലീസ് ജീവനക്കാരനായ തന്റെ പിതാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം പരാജയമാണെന്ന് അലി റേസ ട്വീറ്റ് ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.