Asianet News MalayalamAsianet News Malayalam

ആറ് തവണ നിറയൊഴിച്ച് മെല്‍ബണ്‍; ബ്ലാസ്റ്റേഴ്‌സ് തരിപ്പിണം

  • ബ്ലാസ്റ്റേഴ്‌സിന്‍റെ നെഞ്ചിലേക്ക് മെല്‍ബണ്‍ സിറ്റി എഫ്‌സി നിറയൊഴിച്ചത് ആറ് തവണ 
toyota yaris laliga world 2018 kerala blasters vs melbourne fc match report
Author
First Published Jul 24, 2018, 8:49 PM IST

കൊച്ചി: ടൊയോട്ട യാരിസ് ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സിക്ക് ആറ് ഗോളിന്‍റെ വമ്പന്‍ ജയം. വിഡോസിച്ച്(30), മഗ്രി(33, 56), ലച്ച്‌ലാന്‍(50), റാമി(75), ബ്രൂണോ(79) എന്നിവരാണ് മെല്‍ബണിനായി വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലെ തുറന്ന അവസരം അടക്കം ഗോള്‍ മടക്കാനുള്ള നിരവധി പാസുകള്‍ ബ്ലാസ്റ്റേഴ്സ് മഴയില്‍ ഉപേഷിച്ചുകളഞ്ഞു.

മുപ്പതാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ ആദ്യ വിള്ളല്‍ വീണ നിമിഷം. ഓഫ് സൈഡ് അപ്പീലുകളെ മറികടന്ന് വിഡോസിച്ചിന്‍റെ തകര്‍പ്പന്‍ ഹെഡര്‍. മൂന്ന് താരങ്ങളെ കാഴ്ച്ചക്കാരാക്കി അറ്റ്‌കിന്‍സണിന്‍റെ ബാക്ക് പാസ്. പന്ത് ചിപ്പ് ചെയ്ത് ബ്രാറ്റണ്‍ ഉയര്‍ത്തിവിട്ടപ്പോള്‍ ധീരജ് സിംഗിന്‍റെ ചാട്ടം പാഴാക്കി വിഡോസിച്ച് തലകൊണ്ട് വല തൊട്ടു. മഞ്ഞപ്പടയുടെ ഞെട്ടല്‍ മാറും മുന്‍പ് തകര്‍പ്പന്‍ ഡ്രിംബ്ലിംഗിന് ഒടുവില്‍ മഗ്രി രണ്ടാം ഗോള്‍ നേടി.

41-ാം മിനുറ്റില്‍ ഹലോരന്‍റെ ലോംഗ് റേഞ്ചര്‍ ധീരജ് പാറിപ്പറന്ന് തടുത്തതാണ് മൂന്നാം പ്രഹരത്തില്‍ നിന്ന് മഞ്ഞപ്പടയെ കാത്തത്. രണ്ട് ഗോള്‍ ലീഡുമായി ആദ്യ പകുതിക്ക് പിരിഞ്ഞ മെല്‍ബണിന് 50-ാം മിനുറ്റില്‍ ലച്ച്‌ലാനിലൂടെ മൂന്നാം ഗോള്‍ പിറന്നു. ഇത്തവണയും വില്ലനായത് ഗോള്‍കീപ്പര്‍ ധീരജ് സിംഗിന്‍റെ പരിചയക്കുറവും പ്രതിരോധത്തിലെ പാളിച്ചകളും. ബോക്സിനുള്ളിലെ ആശയക്കുഴപ്പത്തിനുമൊടുവില്‍ റീബൗണ്ടില്‍ നിന്നായിരുന്നു ലച്ച്‌ലാന്‍റെ ഗോള്‍. 

പ്രതിരോധപ്പാളിച്ചകള്‍ക്ക് അടിവരയിട്ട് 56-ാം മിനുറ്റില്‍ മഗ്രിയിലൂടെ മെല്‍ബണിന്‍റെ നാലാം ഗോള്‍. മത്സരത്തില്‍ 19കാരന്‍റെ കാലില്‍ പിറന്ന രണ്ടാം ഗോള്‍. അവിടംകൊണ്ടും പാഠം പഠിച്ചില്ല ബ്ലാസ്റ്റേഴ്സ്. 75-ാം മിനുറ്റില്‍ 18കാരന്‍ റാമിയുടെ വക അഞ്ചാം ഗോളും നാല് മിനുറ്റുകളുടെ ഇടവേളയില്‍ ബ്രൂണോ ആറാം തമ്പുരാനുമായി അവതരിച്ചു. അര ഡസന്‍ ഗോളുമായി മെല്‍ബണ്‍ ഫൈനല്‍ വിസിലിന് കാതോര്‍ത്തപ്പോള്‍ മഞ്ഞപ്പട കൊച്ചിയിലെ മഴയില്‍ അപ്രത്യക്ഷമായി. 
 

Follow Us:
Download App:
  • android
  • ios