വാര്‍ണര്‍-ഡീകോക്ക് കൈയാങ്കളിക്ക് പിന്നിലെ യഥാര്‍ഥ കാരണം

First Published 6, Mar 2018, 3:31 PM IST
What David Warner really said in ugly tunnel incident with Quinton de Kock
Highlights

ഗ്രൗണ്ടില്‍ നല്‍കുന്നതിന് പുറത്ത് തിരിച്ചടി കിട്ടിയാല്‍ വാങ്ങുകയേ വഴിയുള്ളൂവെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍.

ഡര്‍ബന്‍: ഗ്രൗണ്ടില്‍ എതിരാളികളെ വാക്കുകള്‍കൊണ്ട് മുറിപ്പെടുത്തുന്നതിലും പ്രകോപിപ്പിക്കുന്നതിലും ഓസ്ട്രേലിയക്കാരെ തോല്‍പ്പിക്കാന്‍ മറ്റു ടീമുകള്‍ക്കാവില്ല. സമീപകാലത്ത് ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ്സ സ്മിത്തും  ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും തമ്മിലുണ്ടായ വാഗ്വാദങ്ങളും വിവാദങ്ങളും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ സ്മിത്തിന്റെ സ്ഥാനത്ത് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണെന്ന വ്യത്യാസം മാത്രം. വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കുമായി കൈയാങ്കളി വരെയെത്തിയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചത് എന്തായിരിക്കും.

വാര്‍ണറുടെ ഭാര്യ കാന്‍ഡീസിനെക്കുറിച്ച് ഡീകോക്ക് നടത്തിയ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഡീകോക്കിന്റെ സഹോദരി ഡാലിയനെക്കുറിച്ചും അമ്മയെക്കുറിച്ചും വാര്‍ണര്‍ മോശമായി സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലിയേഴ്സ് റണ്ണൗട്ടായപ്പോള്‍ വാര്‍ണര്‍ പുറത്തെടുത്ത അമിതാവേശവും നേഥന്‍ ലിയോണ്‍ പന്തെടുത്ത് ഡിവില്ലിയേഴ്സിന്റെ ദേഹത്തേക്കെറിഞ്ഞതുമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പിന്നീട് സമനിലക്കായി പൊരുതിയ ഡീകോക്കിന് സമീപമെത്തി വാര്‍ണര്‍ പലതവണ പ്രകോപനപരമായി സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡീകോക്ക് പ്രതികരിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൂസാജി പറഞ്ഞു. ഗ്രൗണ്ടില്‍ നല്‍കുന്നതിന് പുറത്ത് തിരിച്ചടി കിട്ടിയാല്‍ വാങ്ങുകയേ വഴിയുള്ളൂവെന്നും മൂസാജി വ്യക്തമാക്കി.

അതിനിടെ വാര്‍ണര്‍ ഡീകോക്കിനെ കാട്ടുപന്നിയെന്ന് വിളിച്ചതായി ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കന്‍ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ ഏഡന്‍ മര്‍ക്രാമിനെതിരെയും ഡീകോക്കിനെതിരെയും ഗ്രൗണ്ടില്‍വെച്ച്  മണിക്കൂറുകളോളം വാര്‍ണര്‍ പ്രകോപനപരമായി സംസാരിച്ചുവെന്നും ദക്ഷിണാഫ്രിക്കയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം തന്നെക്കുറിച്ച് വാര്‍ണര്‍ മോശമായി സംസാരിച്ചുവെന്ന ആരോപണത്തില്‍ ഡീകോക്കിന്റെ സഹോദരി ട്വിറ്റര്‍ പ്രതികരണവുമായി രംഗത്തെത്തിയതും ഇരുടീമുകളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്.

നിരവധി ദക്ഷിണാഫ്രിക്കന്‍ താരങ്ങളും വാര്‍ണര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തി. വാര്‍ണര്‍ മര്യാദയുടെ സീമകള്‍ ലംഘിച്ചുവെന്ന് മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് ആരോപിച്ചു.

മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ ടീം പരിധിവിടാതെതന്നെ സ്ലെഡ്ജിംഗ് നടത്താറുണ്ടെന്ന് സമ്മതിച്ച ഓസീസ്  ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പക്ഷെ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം തന്റെ ടീമിലെ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവരാരും പരിധി വിട്ട് പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി. വാര്‍ണറെ വ്യക്തിപരമായി ഡീകോക്ക് അധിക്ഷേപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നം സ്മിത്ത് സൂചിപ്പിച്ചു. എന്നാല്‍ ഇരുടീമുകളും പരിധിവിട്ടു പെരുമാറിയെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ ഫലപ്രദമായി ഇടപെടണമെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ പ്രതികരണം

loader