മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്രയും വേ​ഗം രോ​ഗമുക്തനായി തിരികെ വരാൻ ആശംസയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. നിങ്ങൾ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും എന്ന് യുവരാജ് സഞ്ജയ് ദത്തിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിന്നു. 

"നിങ്ങൾ എപ്പോഴും ഒരു പോരാളിയായിരുന്നു.. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ കരുത്തനാണ്... ഈ ഘട്ടവും മറികടക്കും.. നിങ്ങൾ വേഗം രോഗമുക്തനായെത്താൻ പ്രാർഥനകളും ആശംസകളും" യുവരാജ് ട്വീറ്റ് ചെയ്തു. അർബുദം ബാധിച്ചിട്ടുള്ള യുവരാജ് അതിനോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ളയാൾ കൂടിയാണ്.

ശ്വാസതടസ്സം അനുഭവപ്പെട്ടതിന് തുടർന്ന് ഓഗസ്റ്റ് 8ന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് സംശയിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.
ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

കുടുംബവും സുഹൃത്തുക്കളുമടക്കം തനിക്കൊപ്പമുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആ ട്വീറ്റില്‍ അദ്ദേഹം കുറിച്ചിരുന്നു. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ ബാധയെന്നും രോഗത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോഴെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

Read Also: സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍; ചികിത്സയ്ക്കായി യുഎസിലേക്ക്