ആമസോൺ കുറേക്കാലമായി ആലോചനയിലാണ്. അവരുടെ പ്രോഡക്റ്റ് ഡെലിവറി ഇനിയും എങ്ങനെ മികച്ചതാക്കാം എന്ന്. ഡെലിവറി ഏജന്റ് എന്ന ഒരു മനുഷ്യനെ എത്ര പെർഫെക്ടായി പ്രയോജനപ്പെടുത്താമോ അത്രയും പെർഫക്റ്റായിത്തന്നെയാണ് അവർ ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്. പക്ഷേ, ഡെലിവറി ഏജന്റ് ആത്യന്തികമായി മനുഷ്യനാണ്. മനുഷ്യസഹജമായ എല്ലാ പിഴവുകൾക്കും അയാൾ വശംവദനാകാം. അയാൾക്ക് അഡ്രസ്സ് മാറിപ്പോവാം, ഡെലിവറി ചെയ്യേണ്ട സാധനം അയാൾ വല്ലേടത്തും മറന്നുവെക്കാം, അയാൾ ഡ്യൂട്ടിക്ക് വരാതിരിക്കാം, ശമ്പളം കൂടുതൽ ചോദിച്ച് സമരം വരെ ചെയ്തെന്നിരിക്കും. ഇതൊന്നും ഇല്ലാത്ത ഒരു ബദൽ സംവിധാനത്തെക്കുറിച്ചുള്ള ആമസോണിന്റെ ചിന്തയിൽ നിന്നാണ് അതിന്റെ 'റോബോട്ടിക്‌സ്' വിഭാഗത്തിന്റെ പിറവി. 


ആമസോൺ റോബോട്ടിക്‌സ് വിഭാഗം നടത്തിയ വർഷങ്ങളുടെ ഗവേഷണത്തിന്റെ  ആദ്യഫലം ഇതാ പുറത്തുവന്നിരിക്കുകയാണ്. മേൽപ്പറഞ്ഞ യാതൊരുവിധ ന്യൂനതകളുമില്ലാത്ത, 24X7 പ്രോഡക്റ്റ് ഡെലിവറി നടത്താൻ കഴിവുള്ള ഈ 'ഡെലിവറി റോബോട്ടി'ന്റെ പേര് സ്‌കൗട്ട് എന്നാണ്. ആമസോൺ ഹെഡ് ക്വർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ സിയാറ്റിൽ സ്റ്റേറ്റിലുള്ള, സ്‌നോഹോമിഷ് കൗണ്ടിയിലാണ് ഇതിന്റെ പരീക്ഷണ നിയോഗം. ആറുചക്രങ്ങളുള്ള ഒരു ഡെലിവറി റോബോട്ടാണ് 'സ്‌കൗട്ട്'. ആദ്യഘട്ടത്തിൽ ഡെലിവറിക്കായി ഇറങ്ങിയിരിക്കുന്നത് 6  സ്കൗട്ടുകളാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു വാക്വംക്ളീനർ ആണെന്നേ കരുതൂ. നീല ബോഡിയിൽ എഴുതിയ പതിപ്പിച്ചിരിക്കുന്ന 'പ്രൈം' ലോഗോയാണ് ആമസോൺ ബന്ധം വെളിപ്പെടുത്തുന്ന ഒരേയൊരു സൂചന.  തെരുവിൽ ഉണ്ടാവാൻ സാധ്യതയുള്ള  സാധ്യതയുള്ള ഒട്ടുമിക്ക പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാൻ വേണ്ട സംവിധാനങ്ങൾ ഒക്കെയും സ്‌കൗട്ടിൽ ഉണ്ടത്രേ. കാണാൻ ഒരു പെട്ടി കണക്കിരിക്കും എങ്കിലും കാമറകളുടെയും അൾട്രാ സൗണ്ട് സെൻസറുകളുടെയും ഒരു നിര തന്നെയുണ്ട് സ്‌കൗട്ടിൽ.. ഇവയിൽ നിന്നും വരുന്ന സിഗ്നലുകളെ സ്വീകരിച്ച്, വിശകലനം ചെയ്ത്, റോബോട്ടിക് ഇന്റലിജൻസ് അൽഗോരിതങ്ങളുടെ സഹായത്തോടെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്ന ഒരു പ്രോസസറും സ്കൗട്ടിന് സ്വന്തമായുണ്ട്. റോഡിലെ ഓരോ കുണ്ടും കുഴിയും  കൃത്യമായി മാപ്പു ചെയ്ത്, അതിന്റെ ഡിജിറ്റൽ സിമുലേഷനിൽ നിരന്തരം റോബോ ക്ളോണുകളെ പറഞ്ഞയച്ച് നടത്തപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് പരീക്ഷണ ഡെലിവറികൾക്ക് ശേഷമാണ് സ്‌കൗട്ട് ഇപ്പോൾ നേരിട്ട് നിരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. 


 

പ്രോഡക്ട് ഡെലിവറിയുടെ കാര്യത്തിൽ ഇതിനകം തന്നെ ഡ്രോൺ ഡെലിവറി പോലുള്ള വിപ്ലവകരമായ പല പരീക്ഷണങ്ങളും ആമസോണിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. കോടിക്കണക്കിനു ഡോളറാണ് ഈ പരീക്ഷണങ്ങൾക്കായി കമ്പനി വർഷാവർഷം വകയിരുത്താറുള്ളത്.  ഇതേ ദിശയിലുള്ള ആമസോണിന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് ഈ റോബോട്ട് അസിസ്റ്റഡ് ഡെലിവറി.  പരീക്ഷണ ഘട്ടത്തിൽ തിങ്കൾ മുതൽ വെള്ളി വരെയാണ് ഈ റോബോട്ടുകൾ പ്രവർത്തിക്കുക. ഒക്കെ സുരക്ഷിതമായി നടക്കുന്നുണ്ട് എന്നുറപ്പിക്കാൻ ആദ്യമൊക്കെ ഒരു ആമസോൺ സൂപ്പർവൈസറും കൂടെയുണ്ടാവും. വളർത്തുമൃഗങ്ങൾക്കും, വഴിയാത്രക്കാർക്കുമിടയിലൂടെ സുരക്ഷിതമായി പോവാൻ പറ്റുന്ന തരത്തിലുള്ള ഡിസൈനാണ് സ്‌കൗട്ട് റോബോട്ടിന്റെതെന്നാണ് ആമസോൺ റോബോട്ടിക്സ് ഗവേഷണ വിഭാഗം പ്രതിനിധികൾ പറയുന്നത്. 

എന്നാൽ നമ്മുടെ വർത്തമാനകാല സാഹചര്യങ്ങളിൽ സ്‌കൗട്ട് പോലുള്ള ഒരു റോബോട്ട് അമേരിക്കയിലെ തെരുവുകളിൽ എത്രകണ്ട് സുരക്ഷിതമായിരിക്കും എന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് ആശങ്കയുണ്ട്. ആമസോണിന്റെ പാഴ്‌സലും കൊണ്ട് ഡെലിവറിക്ക് പോകുംവഴി സ്കൗട്ടിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ എന്ത് ചെയ്യും എന്ന്  പലരും ആശങ്ക പ്രകടിപ്പിച്ചു. മാത്രവുമല്ല, ഇത് പ്രവർത്തിക്കുന്നത് വൈദ്യുതിയിൽ ആകയാൽ ഇടയ്ക്കിടെ ചാർജ്ജ് ചെയ്യേണ്ടിയും വരും. റോഡിലെ പ്രതിബന്ധങ്ങളെയും  അപ്രതീക്ഷിതമായുണ്ടാകാവുന്ന  പ്രതികൂല സാഹചര്യങ്ങളെയും ഒരു റോബോട്ടിന് എത്രകണ്ട് അതിജീവിക്കാനാവും എന്ന കാര്യത്തിൽ ആശങ്കാകുലരാണ് ആളുകൾ. 


 


എന്തായാലും, ഇപ്പോൾ സ്‌നോഹോമിഷ് കൗണ്ടിയിൽ താമസിക്കുന്നവർക്ക് ഏറെ കൗതുകം പകരുന്ന ഒരു കാഴ്ചയാണ് തെരുവിലൂടെ ഉരുണ്ടുരുണ്ടു നീങ്ങുന്ന ആമസോണിന്റെ 'സ്‌കൗട്ട്' എന്ന ഈ ഡെലിവറി റോബോട്ടുകൾ.