Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണമെന്ന് കമ്പനികള്‍; വരാനിരിക്കുന്നത് പത്തു മടങ്ങ് വിലവര്‍ധനവ്

ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന നിരക്കിന് അനുവദിക്കുകയാണെങ്കില്‍ മൊബൈല്‍ ഡാറ്റ വില നിലവിലെ വിലയേക്കാള്‍ 5 മുതല്‍ 10 മടങ്ങ് ഉയരും.

Basic price for Mobile data will be burden to consumers; report
Author
New Delhi, First Published Mar 12, 2020, 11:08 PM IST

ദില്ലി: മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന  വില വേണമെന്ന് കമ്പനികളുടെ ആവശ്യം. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ റീചാര്‍ജ് തുക കുത്തനെ ഉയര്‍ന്നേക്കും. നിശ്ചിത തുക അടിസ്ഥാനവിലയായി ഈടാക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇത് 4 ജി ഡാറ്റ വില 10 മടങ്ങ് വര്‍ധിക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയിലെ മൊബൈല്‍ വരിക്കാര്‍ക്ക് 4 ജി ഡാറ്റയിലേക്ക് ജിബിക്ക് 3.5 രൂപ വരെ കുറഞ്ഞ വിലക്കാണ് ലഭിക്കുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന നിരക്കിന് അനുവദിക്കുകയാണെങ്കില്‍ മൊബൈല്‍ ഡാറ്റ വില നിലവിലെ വിലയേക്കാള്‍ 5 മുതല്‍ 10 മടങ്ങ് ഉയരും.

മിനിമം ഡാറ്റ വില ജിബിക്ക് 35 രൂപയായി നിശ്ചയിക്കണമെന്ന് വോഡഫോണ്‍-ഐഡിയ നിര്‍ദ്ദേശിച്ചു, ഭാരതി എയര്‍ടെല്‍ കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ജിബിക്ക് മിനിമം 30 രൂപ നിരക്കാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്, ഡാറ്റയ്ക്ക് ഓരോ ജിബിക്കും 20 വില നല്‍കണമെന്ന് റിലയന്‍സ് ജിയോ ആഗ്രഹിക്കുന്നു. മൊബൈല്‍ ഡാറ്റ നിരക്കും കോള്‍ വിലയും നിശ്ചയിക്കാനുള്ള ടെല്‍കോസ് തീരുമാനത്തെ പിന്തുണച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് രംഗത്തെത്തി. നിലവിലെ കണക്കനുസരിച്ച്, മൊബൈല്‍ ഡാറ്റയ്ക്കും കോള്‍ നിരക്കുകള്‍ക്കും വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ടെല്‍കോസിനുണ്ട്.

എന്നിരുന്നാലും, കടുത്ത മത്സരം കാരണം ഈ കമ്പനികള്‍ ട്രായിയുടെ ഇടപെടല്‍ തേടി. കമ്പനികളുടെ ആവശ്യം അംഗീകരിച്ചാല്‍ 599 രൂപക്ക് ലഭിക്കുന്ന 84 ദിവസത്തെ 4 ജി പ്ലാന്‍  3,360 മുതല്‍ 5,880 രൂപ വരെയാകും. കോള്‍, ഡാറ്റ സേവനങ്ങള്‍ക്കായി കുറഞ്ഞ വില നിശ്ചയിക്കുന്നതിനെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഈ നടപടിയെ അനുകൂലിക്കുന്നില്ല. മൊബൈല്‍ സേവനങ്ങള്‍ക്ക് അടിസ്ഥാന വില നിര്‍ണ്ണയിക്കുന്നത് മാര്‍ക്കറ്റിനെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് അവരുടെ വാദം. ടെലികോം പോലുള്ള നിര്‍ണായക മേഖലകളില്‍ ഇതുവരെ വിലനിലവാരം ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരം പിന്തിരിപ്പന്‍ നിയന്ത്രണ നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യക്ഷമതയില്ലായ്മ വരുത്തുമെന്ന് സിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios