ബര്‍മ: ഏത് ഭാഷയിലെ പോസ്റ്റും ഫേസ്ബുക്ക് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാറുണ്ട്. ഇത്തരമൊരു തര്‍ജ്ജമയില്‍ കുടുങ്ങി ഒടുവില്‍ മാപ്പുപറയേണ്ടി വന്നിരിക്കുകയാണ് ഫേസ്ബുക്കിന്. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ പേരാണ് അസഭ്യമായി ഫേസ്ബുക്ക് തര്‍ജ്ജമ ചെയ്തത്. 

ബര്‍മീസ് ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റിലെ ഷി ജിന്‍പിംഗിന്‍റെ പേര് ഇംഗ്ലീഷിലേക്ക് ''Mr.Shithole'' എന്നാണ് ഫേസ്ബുക്ക് തര്‍ജ്ജമ ചെയ്തത്. സംഭവത്തില്‍ മാപ്പുപറയുകയും തര്‍ജ്ജമയിലെ പ്രശ്നം പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. ''Mr Shithol,president of China arrives at 4 PM '' - എന്നായിരുന്നു തര്‍ജ്ജമ. 

ഗൂഗിള്‍ ട്രാന്‍സ്ലേഷനിലും ഇതേ അബദ്ധം അവര്‍ത്തിച്ചതോടെ സംഭവം കൈവിട്ടുപോയി. ബര്‍മീസ് ഭാഷയില്‍നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ഫേസ്ബുക്കില്‍ നേരിടുന്ന പ്രശ്നം പരിഹരിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 

ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഫേസ്ബുക്ക് വ്യക്തമാക്കി. ബര്‍മീസ് ഭാഷയിലെ ഡാറ്റാബേസില്‍ ഷി ചിന്‍പിംഗിന്‍റെ പേര് ഇല്ലായിരുന്നുവെന്നാണ് ഫേസ്ബുക്ക് ഇതിനോട് ആദ്യം പ്രതികരിച്ചത്.