Asianet News MalayalamAsianet News Malayalam

വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി പുതിയ പദ്ധതിയുമായി എഫ്ബി

  • സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള കണ്ടന്‍റുകള്‍ തടയുവാനാണ് ഫേസ്ബുക്ക് നീക്കം ആരംഭിച്ചിരിക്കുന്നത്
  • പുതിയ ക്യാംപെയിന്‍ ശ്രീലങ്കയില്‍ നടപ്പിലാക്കി വരുകയാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്
Facebook: Bogus posts inciting violence will be taken down

സന്‍ഫ്രാന്‍സിസ്കോ: വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് ഫേസ്ബുക്ക്. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള കണ്ടന്‍റുകള്‍ തടയുവാനാണ് ഫേസ്ബുക്ക് നീക്കം ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലൂടെ ആളുകളെ ജനക്കൂട്ടം കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ വരുന്ന വെളിച്ചത്തില്‍ കൂടിയാണ് ഫേസ്ബുക്കിന്‍റെ നീക്കം. 

പുതിയ ക്യാംപെയിന്‍ ശ്രീലങ്കയില്‍ നടപ്പിലാക്കി വരുകയാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. അടുത്തിടെ ബുദ്ധ വിശ്വാസികളും മുസ്ലീംങ്ങളും തമ്മില്‍ വലിയ സംഘര്‍ഷം നടന്ന സ്ഥലമാണ് ശ്രീലങ്ക. ആ സമയത്ത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ അവിടെ നിരോധിച്ചിരുന്നു. പലപ്പോഴും ഫേസ്ബുക്കിലെ തീര്‍ത്തും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ശാരീരിക ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ ഇത്തരം അപകടകരമായ ഉള്ളടക്കമുള്ള പോസ്റ്റുകളെ നിയന്ത്രിക്കാന്‍ നയപരമായ മാറ്റമാണ് ഉദ്ദേശിക്കുന്നത്. ഇത് ആഗോള വ്യാപകമായി തന്നെ വരും മാസങ്ങളില്‍ ഫേസ്ബുക്ക് നടപ്പിലാക്കും സിലിക്കണ്‍ വാലിയിലെ ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കുന്നു.

ഇത് പ്രകാരം ചില പോസ്റ്റുകള്‍ ഫേസ്ബുക്ക് എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാം. അതില്‍ വയലന്‍സ് ഉണ്ടെങ്കില്‍ ഫേസ്ബുക്ക് അതിന്‍റെ ഉള്ളടക്കം പരിശോധിക്കും. അടുത്തിടെ ശ്രീലങ്കയില്‍ ഈ സംവിധാനം പരീക്ഷിച്ചപ്പോള്‍ ജനങ്ങളില്‍ കലാപം ഉണ്ടാക്കുവുന്ന തരത്തില്‍ പ്രചരിച്ച ബുദ്ധിസ്റ്റ് സന്യാസിക്ക് വിഷം നല്‍കിയെന്ന വ്യാജ വാര്‍ത്ത തടയാന്‍ സാധിച്ചെന്ന് ഫേസ്ബുക്ക് പറയുന്നു. 

വ്യാജവാര്‍ത്ത അക്കൌണ്ടുകളെ കണ്ടെത്തി അവയെ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്.  ഫേസ്ബുക്കിന്‍റെ കീഴിലുള്ള വാട്ട്സ്ആപ്പും അടുത്തിടെ വ്യാജവാര്‍ത്ത തടയാനുള്ള സംവിധാനങ്ങള്‍ അവതരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios