Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ 'ബൈ' പറഞ്ഞാലും യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ; നയം വ്യക്തമാക്കി റെയില്‍വേ

തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കുമെന്ന് റെയില്‍വേ. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കും.  

Free Wi-Fi service will continue after Google partnership ends Railways clears stand
Author
New Delhi, First Published Feb 18, 2020, 3:15 PM IST

ദില്ലി: ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിച്ചാലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. വൈ ഫൈ സ്റ്റേഷന്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്. റെയില്‍വേയുടെ ഗൂഗിളുമായുള്ള കരാര്‍ അവസാനിക്കുന്നത് 2020 മേയ് മാസത്തിലാണ്. 

ഇന്ത്യന്‍ റെയില്‍വേയും റെയില്‍ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നായിരുന്നു ഗൂഗിള്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കും. രാജ്യത്തെ 5600ല്‍ അധികം സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ ആണ് സൗജന്യമായി വൈഫൈ സേവനം നല്‍കുന്നത്. യാത്രക്കാര്‍ക്ക് വൈഫൈ ഇല്ലാത്ത് മൂലം ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവില്ലെന്നും റെയില്‍ ടെല്‍ വ്യക്തമാക്കി. 

2015ല്‍ ആരംഭിച്ച സേവനം നിര്‍ത്തുകയാണെന്ന് ഗൂഗില്‍ വൈസ് പ്രസിഡന്‍റ് സീസര്‍ സെന്‍ഗുപ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. ഈ വര്‍ഷത്തോടെ സേവനം നിര്‍ത്തുമെന്നും സീസര്‍ സെന്‍ഗുപ്ത വിശദമാക്കിയിരുന്നു. 

മൊബൈൽ ഡാറ്റാ ആളുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിലേക്കെത്തിയെന്നും കണക്ടിവിറ്റി സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. സ്റ്റേഷനുകളില്‍ അടക്കം കൂടുതൽ‌ ഉപയോക്താക്കൾ‌ മൊബൈൽ‌ ഡാറ്റ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പദ്ധതിയിലൂടെ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്‌ ഗൂഗിളിനും പങ്കാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സെന്‍ഗുപ്ത വ്യക്തമാക്കി. 2019 ലെ ട്രായിയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മൊബൈൽ ഡാറ്റ നിരക്കുകൾ 95 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജിബി നിരക്കിൽ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഡാറ്റയാണ് ഇന്ത്യയിലുള്ളത്. ഒരു ശരാശരി ഉപയോക്താവ് എല്ലാ മാസവും ശരാശരി 10 ജിബി ഡാറ്റയ്ക്കടുത്താണ് ഉപയോഗിക്കുന്നത്. 

കേന്ദ്ര സർക്കാർ ചെയ്തതിന് സമാനമായി, നിരവധി സർക്കാരുകളും പ്രാദേശിക സ്ഥാപനങ്ങളും ഇപ്പോൾ ഇന്‍റർനെറ്റ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും ഗൂഗിൾ വിശദമാക്കി. ഇത്തരം പദ്ധതികൾ ആരംഭിച്ചത് ആളുകള്‍ക്ക് എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്‍റർനെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ടെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി. 2015 സെപ്റ്റംബറില്‍ ഗൂഗിൾ പ്രഖ്യാപിച്ച പദ്ധതി ജൂൺ 2018 ഓടെയായിരുന്നു വിജയകരമായി പൂർത്തിയാക്കിയത്. ഗൂഗിള്‍ ഫ്രീ വൈഫൈ പ്രഖ്യാപിച്ചതിന് ഒരുവര്‍ഷം പിന്നാലെയാണ് മുകേഷ് അംബാനി ജിയോ ആരംഭിച്ചത്. കുറഞ്ഞ വിലയില്‍ 4ജി ഡാറ്റയായിരുന്നു ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഇത് മറ്റ് ഉപയോക്താക്കള്‍ക്കും താരിഫുകള്‍ കുറക്കാന്‍ നിബന്ധിതരാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios