ദില്ലി: ചൈനീസ് സ്മാർട്ഫോണ്‍ കമ്പനിയായ ജിയോണി കട ബാധ്യതയിലെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചെയര്‍മാന്‍ ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനി കടക്കെണിയിലാകാൻ കാരണമെന്ന് ചൈന മോർണിങ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 1000 കോടി (10,04,68,80,000 രൂപ) രൂപ ലിയുവിന് ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതേസമയം പണം ദുരൂപയോ​ഗം ചെയ്തിട്ടില്ലെന്നും കമ്പനിയിൽ നിന്നും പണം കടമെടുക്കുകയാണ് ചെയ്തതെന്നും സെക്യൂരിറ്റി ടൈംസിന് നൽകിയ അഭിമുഖത്തിൽ ലിയു വ്യക്തമാക്കി. 

ഇന്ത്യയിൽ വൻ വിൽപനയുള്ള സ്മാർട്ട് ഫോണാണ് ജിയോണി. അഞ്ച് സ്മാർട്ഫോണ്‍ ബ്രാന്‍ഡുകളില്‍ ജനപ്രീതിയുള്ള കമ്പനിയാണിത്. 2013ലാണ് ജിയോണി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ജിയോണിയുടെ ഇന്ത്യയിലെ മുൻ സിഇഒ അരവിന്ദ് ആർ വോഹറയ്ക്കും മൊബൈൽഫോൺ കമ്പനിയായ കാർബണിനും ജിയോണിയുടെ ഇന്ത്യയിലെ യൂണിറ്റ് വിൽക്കാൻ കമ്പനി ഈ വർഷം ആദ്യം തീരുമാനിച്ചിരുന്നു.