ദില്ലി: ഭൗമദിനത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ച് ​ഗൂ​ഗിൾ ഡൂഡില്‍. ലോകത്തിലെ ഏറ്റവും കുഞ്ഞുജീവികളിലൊന്നായ തേനീച്ചയ്ക്ക് വേണ്ടിയാണ് ഈ ഭൗമദിനം ​ഗൂ​ഗിൾ സമർപ്പിച്ചിരിക്കുന്നത്. എല്ലാ വർഷവും ഏപ്രിൽ 22 ആണ് ഭൗമദിനമായി ആചരിക്കുന്നത്. തേനീച്ചയെ ഓരോ പൂവുകളിൽ നിന്നും മറ്റൊന്നിലേക്ക് എത്തിച്ച് പരാ​ഗണം നടത്തുന്ന ​ഗെയിമായിട്ടാണ് ​ഗൂ​ഗിൾ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ​ഗൂ​ഗിൾ തുറക്കുന്നവർക്ക് ഓരോ പൂവിലും തേനീച്ചയെ എത്തിച്ച് ​ഗെയിമിൽ പങ്കാളികളാകാം. 

ജേക്കബ് ഹൗക്രോഫ്റ്റും സ്റ്റെഫനി ഗൂവും ചേർന്നാണ് ഗൂഗിൾ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. തേനീച്ചയെ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് നയിക്കുന്നതിലൂടെ തേനീച്ച എങ്ങനെ പൂക്കളിലെ പരാഗണത്തിന് സഹായിക്കുന്നുവെന്ന വിവരങ്ങളും മനസിലാക്കാം. ‘കളിക്കാരന് എത്ര സമയം വേണമെങ്കിലും ഈ ഗെയിം തുടരാവുന്നതാണ്. നിരവധി ചെടികളിലേക്കും മരങ്ങളിലേക്കും പൂക്കളിലേക്കും തേനീച്ചയെ കൊണ്ടുപോകാം’ ജേക്കബും സ്റ്റെഫനിയും പറയുന്നു. പശ്ചാത്തലത്തിൽ കാണിച്ചിരിക്കുന്ന പച്ച നിറം പ്രകൃതിയെയാണ് സൂചിപ്പിക്കുന്നത്. 1970 ലാണ് ആദ്യമായി ഭൗമദിനം ആഘോഷിച്ചത്. പരിസ്ഥിത സം​രക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണമാണ് ഭൗമദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. കുഞ്ഞുജീവിയായ തേനീച്ചയുടെ പ്രവർത്തി എങ്ങനെയാണ് പ്രകൃതിയിലെ വലിയ കാര്യങ്ങൾക്ക് കാരണമാകുന്നത് എന്നാണ് ഇന്നത്തെ ​ഗൂ​ഗിൾ ഡൂഡിൽ വഴി പറയാനുദ്ദേശിച്ചതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.