വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ വീഡിയോ ഗെയിമാണ് പബ്ജി. ഊണും ഉറക്കവുമില്ലാതെ പബ്ജി കളിച്ചിരിക്കുന്ന യുവാക്കള്‍ സാധാരണ കാഴ്ചയാകുമ്പോള്‍ അത്ര പരിചിതമല്ലാത്ത ഒരു 'പബ്ജി ഭ്രന്താണ്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. ഗെയിമിനോടുള്ള അമിതമായ ആസക്തി മൂലം വിവാഹ പന്തലിലും പബ്ജിയെ കൂടെ കൂട്ടുകയാണ് ഉത്തരേന്ത്യയിലെ ഒരു കല്ല്യാണ ചെറുക്കന്‍. കല്ല്യണപ്പന്തലില്‍ മറ്റാരെയും ശ്രദ്ധിക്കാതെ പബ്ജി കളിക്കുന്നതില്‍ മുഴുകി ഇരിക്കുന്ന വരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

വിവാഹ പന്തലില്‍ വധുവിനെ സാക്ഷിയാക്കിയാണ് വരന്‍ പബ്ജി കളിച്ചത്. ഇതിനിടെ സമ്മാനങ്ങളുമായെത്തിയ അതിഥികളെ ഗൗനിക്കാതെ സമ്മാനങ്ങള്‍ തട്ടി മാറ്റുന്ന വരനെയും വീഡിയോയില്‍ വ്യക്തമായി കാണാം. പലതരത്തിലുള്ള പബ്ജി ഭ്രാന്തുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതല്‍പ്പം കൂടി പോയെന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്.

എന്നാല്‍ വീഡിയോ യഥാര്‍ത്ഥമാണോ അതോ ടിക് ടോക്കിന് വേണ്ടി എടുത്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്. വൈറലായ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. രാജ്യവ്യാപകമായി പബ്ജി നിരോധിക്കണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.