തിരുവനന്തപുരം: കേരളത്തിലെ ഐടി വ്യവസായത്തിന്‍റെ തുടക്കകാരില്‍ ഒരാളായ ആര്‍പി ലാലജി അന്തരിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്‍റെ വിയോഗം. കഴക്കൂട്ടം കിഴക്കും ഭാഗം കൈലസത്തില്‍ താമസിച്ചുവന്നിരുന്ന ഇദ്ദേഹത്തിന് 81 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ ആരംഭിച്ച ആദ്യത്തെ 5 കമ്പനികളില്‍ ഒന്നിന്‍റെ സ്ഥാപകമായിരുന്നു ലാലാജി. 1995 ലാണ് ഇദ്ദേഹം സീവ്യൂ സപ്പോര്‍ട്ടിംഗ് സിസ്റ്റം എന്ന കമ്പനി ആരംഭിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും 8ഒളം ഐടി, ബയോടെക് സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു ലാലാജി.

കൊല്ലം എസ് .എൻ.കോളജിൽ അദ്ധ്യാപകനായിരുന്ന ലാലാജി ജോലി രാജി വച്ച് വിദേശത്തു പോവുകയും മടങ്ങിയെത്തിയ ശേഷം കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പരിശീലന സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കമ്പ്യൂട്ടർ ടെക്‌നോളജി എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. 50ലധികം ശാഖകളുള്ള ഈ സ്ഥാപനത്തില്‍ നിന്നും നിരവധിപ്പേരാണ് പഠിച്ചിറങ്ങി കമ്പ്യൂട്ടര്‍ അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നത്. 

കേരളത്തിലടക്കം ഐടി മേഖലയിലെ പ്രധാന വരുമാന സ്ത്രോതസായ ബിപിഒ ആദ്യം പരീക്ഷിച്ച കമ്പനിയായിരുന്നു സീവ്യൂ. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ അധിഷ്ഠിത ഐടി സംരംഭം കേരളത്തില്‍ ആദ്യം ആരംഭിച്ചതും ലാലജി ആയിരുന്നു. വിവിധ മാധ്യമങ്ങളില്‍ വിവര സാങ്കേതി വിദ്യ അധിഷ്ഠിതമായ കോളങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കമ്പ്യൂട്ടർ ഭാഷകളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.