കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഏറെ പ്രശസ്തമാണ് ജപ്പാനിലെ ട്രെയിനുകള്‍. എന്നാല്‍ കൃത്യനിഷ്ഠ പാലിക്കാനുള്ള ശ്രമം രണ്ട് ജീവനക്കാരെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇളവേള എടുത്താല്‍ ട്രെയിന്‍ ലേറ്റാവുമെന്ന് കരുതി ട്രെയിന്‍ ഓടിക്കാന്‍ ലൈസന്‍സില്ലാത്ത കണ്ടക്ടറെ കോക്പിറ്റില്‍ ആക്കി ശുചിമുറിയില്‍ പോയ ബുള്ളറ്റ് ട്രെയിന്‍ ജീവനക്കാരനാണ് കുഴപ്പത്തില്‍ ചാടിയത്. മൂന്ന് മിനിറ്റ് നേരത്തേക്കാണ് നൂറിലധികം യാത്രക്കാര്‍ ട്രെയിനിലുള്ള സമയത്ത് മണിക്കൂറില്‍ 150 കിലോമീറ്റര്‍ സ്പീഡില്‍  കണ്ടക്ടര്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. വലിയ പരിചയമൊന്നുമില്ലാതിരുന്ന കണ്ടക്ടറെ പിടിച്ച് ഡ്രൈവിങ് സീറ്റിലിരുത്തി അത്യാവശ്യം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുത്ത ശേഷമായിരുന്നു ലോക്കോ പൈലറ്റ് ശുചിമുറിയില്‍ പോയത്. 

ട്രെയിനിനും യാത്രക്കാര്‍ക്കും ഒന്നും സംഭവിച്ചില്ലെങ്കിലും സംഭവം ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ് ജപ്പാനില്‍. കൃത്യതയിലും കാര്യക്ഷതയിലും ജപ്പാനിലെ ട്രെയിനുകള്‍ ആഗോളതലത്തില്‍ തന്നെ യാത്രക്കാര്‍ക്കിടയില്‍  ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. അതു കൊണ്ട് സമയത്തില്‍ കൃത്യത പാലിക്കാനാണ് ഡ്രൈവര്‍ അങ്ങനെ ചെയ്തതെന്നാണ് ഒരു വാദം. പക്ഷേ, ചെയ്തത് വലിയ അപരാധമാണെന്നും മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്ന് കണ്ടെത്തി കഴിഞ്ഞു.

മെയ് 16 ന് കോക്ക്പിറ്റില്‍ നിന്ന് ബാത്ത്‌റൂം ഉപയോഗിക്കാന്‍ പോയ ഷിങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിന്‍ ഡ്രൈവറാണ് പുലിവാലു പിടിച്ചിരിക്കുന്നത്. 36 കാരനായ ഡ്രൈവര്‍ ഹിക്കാരി നമ്പര്‍ 633 ട്രെയിനിന്റെ കോക്ക്പിറ്റില്‍ നിന്ന് മൂന്ന് മിനിറ്റോളം പുറത്തായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ട്രെയിന്‍ ഓടിക്കാന്‍ ലൈസന്‍സില്ലാത്ത ഒരു കണ്ടക്ടറോട് അദ്ദേഹം തന്റെ അഭാവത്തില്‍ രാവിലെ 8:15 ഓടെ അത് മനസിലാക്കാനും തുടര്‍ന്ന് നിയന്ത്രണമേറ്റെടുക്കാനും ആവശ്യപ്പെട്ടു. ജപ്പാന്‍ പ്രാദേശിക സമയം അറ്റാമി സ്‌റ്റേഷനും ഷിജുവോക പ്രിഫെക്ചറിലെ മിഷിമ സ്‌റ്റേഷനും ഇടയില്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവമെന്ന് സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വേ കമ്പനി (ജെആര്‍ സെന്‍ട്രല്‍) പറഞ്ഞു.

ട്രെയിനുകളിലെ മറ്റ് ജോലികളിലും ആളുകളെ എത്തിക്കുന്നതും ട്രെയിന്‍ കണ്ടക്ടര്‍മാരാണ്. പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ ട്രെയിന്‍ ഓടിക്കുന്നവരല്ല. ഇതോടെയാണ് രണ്ട് ജീവനക്കാരും കുഴപ്പത്തിലായത്. 2018 ല്‍, ഒരു ട്രെയിന്‍ പുറപ്പെടേണ്ട സമയത്തിന് 25 സെക്കന്‍ഡ് മുമ്പ് ഒരു സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ ആ സംഭവത്തെ 'മാപ്പര്‍ഹിക്കാത്തത്' എന്ന് അപലപിക്കാനും 'വലിയ അസൗകര്യം' സൃഷ്ടിച്ചതിന് ക്ഷമ ചോദിക്കാനും ജപ്പാനിലെ ദേശീയ റെയില്‍വേയെ പ്രേരിപ്പിച്ചു. അതിനും ഒരു വര്‍ഷം മുമ്പ്, 20 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടതിന് ശേഷം സുകുബ എക്‌സ്പ്രസ് ഡ്രൈവര്‍ സമാനമായ ക്ഷമാപണം നടത്തി. ഇത് ലോകമെമ്പാടുമുള്ള ട്രെയിന്‍ ശൃംഖലകള് തമ്മിലുള്ള താരതമ്യത്തിനും കാരണമായി. അത്തരം ചെറിയ സംഭവങ്ങള്‍ പോലും വലിയ കുറ്റമായി കാണുന്ന ജപ്പാനിലാണ് ഈ സംഭവം നടന്നതെന്നത് വലിയ കാര്യമായാണ് കണക്കാക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona