തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ വാട്സ് ആപില്‍ സ്മൈലി യുദ്ധത്തിലാണ് സൈബര്‍ ഇടത്തിലെ രാഷ്ട്രീയപ്രവർത്തകർ. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവശ്യമായ കിടിലൻ സ്മൈലികളും സ്റ്റിക്കറുകളും ലഭിക്കുന്ന സ്റ്റിക്കർ ഹണ്ട് എന്ന മൊബൈല്‍ ആപ്പുമായി തൃശ്ശൂരിലെ സ്റ്റാർട്ട് അപ്പ് കമ്പനി രംഗത്തെത്തി.

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികള്‍ രണ്ടും കല്‍പ്പിച്ചുളള സൈബര്‍ യുദ്ധത്തിലാണ്. പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുമായി ബിജെപി പ്രവര്‍ത്തകര്‍ വരുമ്പോള്‍, സിപിഎം  മറുപടി നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാണ്. കുറച്ച് സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് സന്ദേശങ്ങളും ആശയങ്ങളും എത്തിക്കാൻ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് വാട്സ് ആപ് സ്മൈലികലും സ്റ്റിക്കറുകളുമാണ്.

ഇത്തരം രസകരമായ സ്റ്റിക്കറുകളാണ് സ്റ്റിക്കർ ഹണ്ട് എന്ന മൊബൈല്‍ ആപിലുളളത്. ബിഗ് മേക്കർ ബ്രാന്റ് സൊല്യൂഷൻസാണ് ആപ്ലികേഷൻ വികസിപ്പിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മറ്റെല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാവുന്ന സ്റ്റിക്കറുകളും ഇവര്‍ പുറത്തിറക്കും.