മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഫോണില്ലാത്ത ജീവിതം ചിന്തിക്കാന്‍ പോലുമാകാത്തവര്‍ അശ്രദ്ധ കൊണ്ട് ക്ഷണിച്ചുവരുത്തുന്നത് വളരെ വലിയ വിപത്താണ്. ചില ശീലക്കേടുകളാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമാകുന്നത്. 

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ചാര്‍ജ്ജിങ്ങിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചാര്‍ജ് ചെയ്യുമ്പോള്‍ വൈദ്യുതി ബാറ്ററിയിലേക്ക് കടന്നുപോകും. സങ്കീര്‍ണമായ ഈ പ്രക്രിയക്കിടെ ഫോണ്‍ ഉപയോഗിച്ചാല്‍ ഫോണിന്റെ മദര്‍ ബോര്‍ഡിന് മേലുള്ള സമ്മര്‍ദ്ദം വന്‍ തോതില്‍ വര്‍ധിക്കും. ഇതോടെ ഫോണ്‍ ചൂടാകുകയും പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.  

100% ചാര്‍ജ് ആയാലും ഫോണ്‍ വീണ്ടും കുത്തിയിടുന്നതാണ് മറ്റൊരു അപകടം. ബാറ്ററി നിറഞ്ഞ് കഴിഞ്ഞ് വീണ്ടും ചാര്‍ജ് കയറുന്നതോടെ ബാറ്ററി ചൂടായി ബള്‍ജ് ആകാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തില്‍ ഓവര്‍ഡോസ് മൂലമുള്ള അപകടങ്ങളും കൂടുതലാണ്. ബാറ്ററി വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പുതിയ ബാറ്ററി വാങ്ങിയിടുകയാണ് പരിഹാരം.

വ്യാജ ബാറ്ററികള്‍ വാങ്ങി കബളിപ്പിക്കപ്പെടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അംഗീകൃത ബാറ്ററികള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. 100 രൂപ മുതല്‍ 1200 രൂപ വരെ വിലയുള്ള ബാറ്ററികള്‍ വിപണിയില്‍ ലഭിക്കുമ്പോള്‍ വിലക്കുറവിന് പിന്നാലെ പോയി അപകടം ക്ഷണിച്ച് വരുത്താതിരിക്കുക.

ഇറുകിയ പോക്കറ്റിനുള്ളില്‍ ഫോണ്‍ ഇടുമ്പോള്‍ സമ്മര്‍ദ്ദം മൂലം ഫോണ്‍ ചൂടാവാറുണ്ട്. അത് ബാറ്ററിയുടെ തകരാര്‍ മൂലമല്ല. ഫോണ്‍ തലയണയുടെ അടിയില്‍ വച്ചുകൊണ്ട് ചാര്‍ജിനിടരുത്. ബാറ്ററി ചൂടാകുന്നതിന് ഒപ്പം തലയണയുടെ സമ്മര്‍ദ്ദം കൂടിയാകുമ്പോള്‍ അപകട സാധ്യത കൂടും. ചാര്‍ജിങ്ങിനിടെ ഫോണ്‍ ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ചാര്‍ജിങ് അവസാനിപ്പിക്കുക. പിന്നീട് ഫോണിന്റെ ചൂടുകുറഞ്ഞതിന് ശേഷം മാത്രം ചാര്‍ജിങ് തുടരുക.