സോള്‍: സാംസംഗ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹി(78) അന്തരിച്ചു. പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. കൊറിയയിലെ സിയോളിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊറിയന്‍ സ്ഥാപനമായ സാംസംഗിനെ ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയതില്‍ പ്രധാനിയായിരുന്നു ലീ. പിതാവില്‍ നിന്നാണ് അദ്ദേഹം സ്ഥാപനത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്. ലീയുടെ മരണത്തില്‍ അഗാധ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ ഓര്‍മയില്‍ അഭിമാനിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

1987 മുതല്‍ 98 വരെ സാംസംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2008 വരെ സിഇഒയും ചെയര്‍മാനുമായുമായിരുന്നു. 2010 മുതല്‍ 2020 വരെ ചെയര്‍മാനായും സ്ഥാനം വഹിച്ചു. ലീ കൊറിയയിലെ ഏറ്റവും  സമ്പന്നായ വ്യക്തികൂടിയാണ്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 16 ബില്ല്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 2014ല്‍ ലീ കുന്‍ ഹി കിടപ്പിലായ ശേഷം മകന്‍ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.