Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും കുറഞ്ഞ മൊബൈല്‍ ഡാറ്റാ നിരക്ക് ഇന്ത്യയില്‍

ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം കടുത്തതോടെയാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില കുത്തനെ ഇടിഞ്ഞത്. എന്നാല്‍ ഇത് താല്‍കാലികമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. മറ്റു രാജ്യങ്ങളിലെ നിരക്കുകള്‍ എങ്ങനെയാണെന്ന് നോക്കാം...

lowest mobile data rate in india
Author
Thiruvananthapuram, First Published Mar 18, 2019, 1:59 PM IST

ലണ്ടന്‍: ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ ബിബിസിയുടേതാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേതിനെക്കാള്‍ എഴുപതിരട്ടിയാണ് ലണ്ടനില്‍ ഓരോ ജിബിക്കും നല്‍കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഒരു ജിബി മൊബൈല്‍ ഡാറ്റയ്ക്ക് ശരാശരി 18 രൂപയില്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളു. എന്നാല്‍ യു.എസില്‍ ഒരു ജിബിക്ക് 850 രൂപ നല്‍കേണ്ടി വരും. 457 രൂപയാണ് ലണ്ടനിലെ നിരക്ക്. ആഗോള ശരാശരി കണക്കാക്കിയാല്‍ ഏതാണ്ട് 585 രൂപയാണ് ഒരു ജിബി ഇന്റര്‍നെറ്റിന് ചെലവഴിക്കേണ്ടി വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന് 18 രൂപ മാത്രം നല്‍കിയാല്‍ മതിയെന്ന റിപ്പോര്‍ട്ടുകളെ ആശ്ചര്യത്തോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.

എന്നാല്‍ ബിബിസി പുറത്തുവിട്ട കണക്കുകളെക്കാള്‍ കുറവാണ് യഥാര്‍ത്ഥ നിരക്ക്. ഉദാഹരണത്തിന് 149 രൂപയ്ക്ക് ദിവസവും 1.5 ജിബി ഡാറ്റാ നല്‍കുന്ന ജിയോയുടെ ഒരു ശരാശരി വരിക്കാരന് ഒരു ജിബി ഇന്റര്‍നെറ്റിന് മൂന്നര രൂപയേ ചെലവ് വരുന്നുള്ളു. ഇന്റര്‍നെറ്റിന് പുറമേ പരിധിയില്ലാത്ത കോളുകള്‍, ദിവസേന 100 സൗജന്യ എസ്എംഎസുകള്‍, ആപ്പ് സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവയും ഇതിനോടൊപ്പം തീര്‍ത്തും സൗജന്യമായി ലഭിക്കുന്നുണ്ട്. അപ്പോള്‍ നിരക്കുകള്‍ അതിലും തുച്ഛമാണ് എന്നര്‍ത്ഥം.

ലണ്ടനില്‍ ഒരു മാസം 13 ഡോളറാണ് (892 ഇന്ത്യന്‍ രൂപ) ഒരു ശരാശരി മൊബൈല്‍ ഉപഭോക്താവ് ചെലവാക്കുന്നത്. അവിടുത്തെ മൂന്നോ നാലോ കപ്പ് കോഫിയുടെ തുകയാണിത്. ഈ തുകയ്ക്ക് ഇംഗ്ലണ്ടിനുള്ളില്‍ പരിധിയില്ലാത്ത വോയിസ് കോളുകള്‍ സാധ്യമാണ്. എന്നാല്‍ ഇതിനോടൊപ്പം കിട്ടുന്നതാകട്ടെ വെറും മൂന്ന് ജിബി ഡാറ്റയും. അതായത് ഒരു ജിബി ഡാറ്റയ്ക്ക് 4.3 ഡോളര്‍. ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് 300 രൂപയോടടുപ്പിച്ച് വരും ഇത്. ഇനി ഈ വ്യക്തി റോമിംഗില്‍ ഇന്ത്യയിലേക്ക് എത്തിയെന്നിരിക്കട്ടെ, അപ്പോള്‍ റോമിംഗ് ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ടി വരുന്നത് ഓരോ ജിബിക്കും നാലര ലക്ഷത്തിലധികമാണ്. (6,779 യുഎസ് ഡോളര്‍) !!

ഇന്ത്യയില്‍ ശരാശരി 200 രൂപയാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ചെലവാകുന്നത്. ഇത് ലണ്ടനെ അപേക്ഷിച്ച് 70 ഇരട്ടി കുറവാണ്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഏതാണ്ട് എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാണ്. അതിനാല്‍ തന്നെ മൊബൈല്‍ ഡാറ്റയെ ആശ്രയിക്കുന്നവര്‍ വളരെ അപൂര്‍വം.

മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെയാണ് ഇന്ത്യയിലെ ടെലികോം മാര്‍ക്കറ്റ് ആടിയുലഞ്ഞത്. എല്ലാ ടെലികോം ദാതാക്കളും നഷ്ടം സഹിച്ചും നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. നഷ്ടം സഹിക്കാനാവാത്ത കമ്പനികള്‍ അടച്ചുപൂട്ടി. പത്ത് ടെലികോം ഓപ്പറേറ്റര്‍മാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4 എണ്ണമാണ് അവശേഷിക്കുന്നത്.

കൂടുതല്‍ വരിക്കാരെ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് കമ്പനികള്‍ നിരക്കുകള്‍ ഇത്രയും കുറച്ചത്. എന്നാല്‍ അധികകാലം ഈ നഷ്ടം സഹിച്ച് ആര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വിദഗ്ദര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് നിരക്കുകള്‍ വൈകാതെ പിന്നെയും കൂടുമെന്നാണ് ഇവരുടെ പ്രവചനം.

ട്രായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 ഡിസംബര്‍ വരെ ഇന്ത്യയില്‍ 50 കോടി ജനങ്ങളാണ് മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 18 ലക്ഷമേ ഉള്ളു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരുടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം പത്തിരട്ടി വര്‍ദ്ധിച്ചു. പൊതുസ്ഥലങ്ങളില്‍ വൈഫൈ പ്രചാരത്തിലില്ലാത്തതാണ് ഇതിന് ഒരു കാരണം.

Follow Us:
Download App:
  • android
  • ios