മുംബൈ: കൊവിഡ് 19നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ഡ്രൈവര്‍മാരെ സാമ്പത്തികമായി സഹായിക്കാന്‍ ഹോപ് #Helping Our People during Emergencies സംരംഭവുമായി ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍ ദാതാക്കളിലൊരാളായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (എം.എല്‍.എല്‍). സാമൂഹ്യ സംരംഭമായ സംഹിത, സാമ്പത്തിക വായ്പാ സാങ്കേതിക പ്ലാറ്റ്‌ഫോമായ സൂപ്പര്‍ മണി എന്നിവയുമായി സഹകരിച്ചാണ് ഗുണഭോക്താക്കളിലേക്ക് സഹായമെത്തിക്കുക.

തൊഴിലാളികള്‍ക്ക് സാമ്പത്തിക പിന്തുണയും തിരിച്ചുവരവും സാധ്യമാക്കുന്നതിന് മറ്റു കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനും ഈ കൂട്ടായ നീക്കം ലക്ഷ്യമിടുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്തത് നിരവധി ഡ്രൈവര്‍മാരെയാണ് സാരമായി ബാധിച്ചത്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ സഹായ ഹസ്തം. 

സംരംഭത്തിന്റെ ഭാഗമായി, മഹീന്ദ്ര ലോജിസ്റ്റിക്‌സ് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഓരോ ഡ്രൈവറുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 3,000 രൂപ കൈമാറ്റം ചെയ്ത് അടിയന്തിര ആശ്വാസം ഉറപ്പാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തല്‍, വായ്പ ഗ്യാരന്റി മോഡല്‍ തുടങ്ങിയ തരത്തില്‍ മറ്റു പിന്തുണയും നല്‍കും. കൊവിഡ് 19 രോഗബാധിതരെ സഹായിക്കാന്‍ അലൈറ്റ് എമര്‍ജന്‍സി ക്യാബ് സേവനങ്ങള്‍ നല്‍കുമെന്ന് നേരത്തെ മഹീന്ദ്ര ലോജിസ്റ്റിക്‌സ് പ്രഖ്യാപിച്ചിരുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഈ സൗജന്യ സേവനം ആരംഭിച്ചിട്ടുണ്ട്. 

വാണിജ്യ വാഹനങ്ങളില്‍ 30 ശതമാനവും രാജ്യത്തുടനീളം റോഡുകളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് അടിയന്തിര പിന്തുണ ആവശ്യമാണെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാംപ്രവീന്‍ സ്വാമിനാഥന്‍ പറഞ്ഞു. ഈ സംരംഭത്തിലൂടെ ഹ്രസ്വകാല സാമ്പത്തിക ആശ്വാസവും പ്രത്യാശയും നല്‍കി, രാജ്യത്തെ സ്ഥിതിഗതികള്‍ പരിഹരിക്കപ്പെടുന്നതുവരെ ഡ്രൈവര്‍മാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.