Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതര സുരക്ഷാ വീഴ്ച; ഹാക്കിങ് സാധ്യത കണ്ടെത്തിയ യുവാവിന് വന്‍ തുക സമ്മാനം

ഫേസ്ബുക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമായി ഇതിന് മുമ്പും ഇത്തരം സുരക്ഷാപ്രശ്നങ്ങളും സാങ്കേതിക തകരാറും മുത്തയ്യ ഫേസ്ബുക്കിനെ അറിയിച്ചിട്ടുണ്ട്. 

man found security issue in Instagram
Author
New Delhi, First Published Jul 19, 2019, 11:52 AM IST

ദില്ലി: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ  തമിഴ്നാട് സ്വദേശിക്ക് 20 ലക്ഷം രൂപ സമ്മാനം.  വ്യക്തികളുടെ അനുവാദമില്ലാതെ പാസ്‍വേഡ് ഹാക്ക് ചെയ്യുന്നതിലൂടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. ചൈന്നൈയില്‍ താമസിക്കുന്ന സുരക്ഷാ ഗവേഷകനായ ലക്ഷ്മണ്‍ മുത്തയ്യയാണ്  പിഴവ് ചൂണ്ടിക്കാട്ടിയത്. 

ഇന്‍സ്റ്റാഗ്രാമിലെ തകരാര്‍ കണ്ടെത്തിയതിന് 30,000 യുഎസ് ഡോളര്‍ അതായത് 20,64,645 രൂപയാണ് ലക്ഷ്മണ്‍ മുത്തയ്യക്ക് ഇന്‍സ്റ്റാഗ്രാം അധികൃതര്‍  പ്രതിഫലമായി നല്‍കിയത്. പാസ്‍വേഡ് റീസെറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന റിക്കവറി കോഡ് ഉപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. സുരക്ഷാ വീഴ്ച മുത്തയ്യ ഫേസ്ബുക്കിന്‍റെ സുരക്ഷാ സംഘത്തെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമായി ഇതിന് മുമ്പും ഇത്തരം സുരക്ഷാപ്രശ്നങ്ങളും സാങ്കേതിക തകരാറും മുത്തയ്യ ഫേസ്ബുക്കിനെ അറിയിച്ചിട്ടുണ്ട്. 

ഉപയോക്താക്കളുടെ അറിവോടെയല്ലാതെ പാസ്‍വേഡ് റീസെറ്റ് സന്ദേശമോ അക്കൗണ്ട് റിക്കവറി കോഡോ എസ്എംഎസ് സന്ദേശമായി ലഭിക്കുകയാണെങ്കില്‍ അതിന് പിന്നില്‍ ഹാക്കര്‍മാരാണ് എന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ വിവരം ഉടന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിനെ അറിയിക്കേണ്ടതാണ്. പരിഹാരമാര്‍ഗങ്ങള്‍ ഇന്‍സ്റ്റാഗ്രാം നിര്‍ദ്ദേശിക്കും. 

Follow Us:
Download App:
  • android
  • ios