Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ സാഹചര്യം 'ദുഖകരം'; പൗരത്വ നിയമ ഭേദഗതിക്കെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ

കുടിയേറി എത്തുന്നവര്‍ക്കും മികച്ച തുടക്കം നല്‍കുന്ന ഇന്ത്യയിലേക്കാണ് തന്‍റെ പ്രതീക്ഷ.  കുടിയേറി വരുന്നവര്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും സാമ്പത്തിര രംഗത്തിനും സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും സത്യ നാദല്ലെ

Microsoft CEO Satya Nadella said about Citizenship Law Amendment
Author
New Delhi, First Published Jan 14, 2020, 8:23 AM IST

ദില്ലി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ. ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം ദുഖകരമാണെന്ന് സത്യ നാദല്ലെ പറഞ്ഞു. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ദുഖകരമാണ്, ദുഖകരം മാത്രമാണ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത ഇന്‍ഫോസിസ് സിഇഒ ആയി കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും സത്യ നാദല്ലെ വിശദമാക്കി. 

മാധ്യമ സ്ഥാപനമായ ബസ്‍ഫീഡിന്‍റെ എഡിറ്ററായ ബെന്‍ സ്മിത്തിനോടാണ് സത്യ നാദല്ലെയുടെ ആദ്യ പ്രതികരണം. ഇതിന് പിന്നാലെ ഇന്ത്യയിലെ മൈക്രോസോഫ്റ്റും സത്യ നാദല്ലെയുടെ പ്രതികരണം ട്വീറ്റ് ചെയ്തു. എല്ലാ രാജ്യങ്ങള്‍ക്കും രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി അതിര്‍ത്തികള്‍ നിശ്ചയിക്കണം. അതിര്‍ത്തി നിര്‍ണയത്തിന് രാജ്യങ്ങള്‍ക്ക് അവരുടേതായ പോളിസികള്‍ ഉണ്ടാവും. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളില്‍ ഇത് ജനങ്ങളും അവരുടെ സര്‍ക്കാരും തമ്മില്‍ ചര്‍ച്ച ചെയ്ത് നടക്കേണ്ട വിഷയമാണ്. ഇന്ത്യയില്‍ വളര്‍ന്ന് അമേരിക്കയില്‍ കുടിയേറിയ വ്യക്തിയെന്ന നിലയില്‍ വിവിധ സംസ്കാരങ്ങളിലൂന്നിയുള്ളതാണ് തന്‍റെ പൈതൃകം. കുടിയേറി എത്തുന്നവര്‍ക്ക് മികച്ച തുടക്കം നല്‍കുന്ന ഇന്ത്യയിലേക്കാണ് തന്‍റെ പ്രതീക്ഷ.  കുടിയേറി വരുന്നവര്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും സാമ്പത്തിര രംഗത്തിനും സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും സത്യ നാദല്ലെ പറയുന്നു. 

രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രതികരണം. വിശാലമായ ഐടി മേഖലയില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ആദ്യ പ്രതികരണമാണ് സത്യ നാദല്ലെയുടേത്. സത്യ നാദല്ലെ പറയാനുള്ളത് പറഞ്ഞു. അതില്‍ സന്തോഷമുണ്ടെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പ്രതികരിച്ചു. ഇനി ഇത്തരം പ്രതികരണം ഐടി മേഖലയില്‍ നിന്ന് വരാന്‍ സത്യ നാദല്ലെയുടെ പ്രതികരണം സഹായിക്കുമെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. കഴിഞ്ഞ മാസം ബെംഗലുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios