Asianet News MalayalamAsianet News Malayalam

മരിച്ച മകളുമായി വെർച്വൽ റിയാലിറ്റിയിലൂടെ സംസാരിച്ചു: കണ്ണീരടക്കാനാകാതെ അമ്മ, വിങ്ങിപ്പൊട്ടി ലോകം

വെര്‍ച്വല്‍ റിയാലിറ്റിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഹെഡ്സെറ്റും കൈയുറയും ധരിച്ചാണ് ജാങ്സി സുങ് പരിപാടിക്കെത്തിയത്. കൊറിയന്‍ കമ്പനിയാണ് ലയോണിനെ പുന:സൃഷ്ടിച്ചത്. 

mother and dead daughter reunited via advanced virtual reality for television show in South Korea
Author
south Korea, First Published Feb 15, 2020, 11:51 AM IST

സിയോൾ: അകാലത്തിൽപ്പൊലിഞ്ഞുപോയ തന്റെ ആറുവയസ്സുകാരി മകളെ വെർച്വൽ റിയാലിറ്റിയിലൂടെ കാണുന്ന ഒരമ്മയുടെ കണ്ണീരലിയിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദക്ഷിണ കൊറിയയിലെ ഒരു ടെലിവിഷൻ പരിപാടിയിലാണ് ജാങ്സി സുങ് എന്ന യുവതി തന്റെ മരിച്ചുപോയ മകളെ വീണ്ടും കാണാനെത്തിയത്. 2016ൽ ലുക്കീമിയ ബാധിച്ചാണ് ജാങ്സി സുങിന്റെ മകൾ ലയോണി മരണപ്പെട്ടത്.

വെര്‍ച്വല്‍ റിയാലിറ്റിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഹെഡ്സെറ്റും കൈയുറയും ധരിച്ചാണ് ജാങ്സി സുങ് പരിപാടിക്കെത്തിയത്. കൊറിയന്‍ കമ്പനിയാണ് ലയോണിനെ പുന:സൃഷ്ടിച്ചത്. ക്രോമാ കീ വച്ച് ഒരുക്കിയ സെറ്റിലായിരുന്നു വെര്‍ച്വല്‍ റിയാലിറ്റിയും ഒരുക്കിയിരിക്കുന്നത്. ഒളിച്ചുകളിയുമായി എത്തുന്ന ലയോണി 'അമ്മ അമ്മ' എന്ന് വിളിച്ച് തന്റെ പക്കൽ എത്തിയതോടെ ജാങ്സി സുങ് വിതുമ്പിക്കരയാൻ തുടങ്ങുകയായിരുന്നു. അമ്മ എവിടെയായിരുന്നു? എന്നെക്കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നീ ചോദ്യങ്ങളായിരുന്നു വെർച്വൽ റിയാലിറ്റിയിൽ എത്തിയ ലയോണി അമ്മ ജാങ്സി സുങിനോട് ചോദിച്ചത്.

താൻ മോളുടെ അടുത്ത് തന്നെ ഉണ്ടെന്നും, മോളെക്കുറിച്ച് എപ്പോളും ചിന്തിക്കാറുണ്ടെന്നും ജാങ്സി സുങ് ലയോണിക്ക് മറുപടി നൽകുന്നുണ്ട്. എനിക്ക് അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് ലയോണി പറഞ്ഞപ്പോൾ മകളുടെ സമീപത്തെത്തി അവളുടെ മുഖത്ത് മൃദുവായി തലോടി തനിക്കും മോളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ജാങ്സി പൊട്ടിക്കരയാൻ തുടങ്ങി. പിന്നീട് ലയോണി താൻ താമസിക്കുന്ന വീടും തന്റെ സുഹൃത്ത് ട്വിലൈറ്റിനെയും അമ്മയ്ക്ക് പരിചയപ്പെടുത്തി. മകൾക്കൊപ്പം ഒത്തിരി സമയം ചെലവഴിച്ച ജാങ്സി അവളുടെ പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തു. പിറന്നാൾ കേക്കും അവൾക്കിഷ്ടപ്പെട്ട സൂപ്പുമായിരുന്നു വീടിനുള്ളിലെ ‍തീൻമേശയിൽ തയ്യാറാക്കി വച്ചിരുന്നത്. ജാങ്സി കേക്ക് മുറിക്കുമ്പോൾ ലയോണി അതിന്റെ ചിത്രം മൊബൈൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോൾ തനിക്ക് ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞ ലയോണി കിടക്കയിൽ കയറി കിടക്കുകയും ജാങ്സിയോട് വിടപ്പറയുകയും ചെയ്തു.

അമ്മ എന്നും എന്റെ കൂടെതന്നെ വേണമെന്നും അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞാണ് ലയോണി കിടക്കയിൽ കിടന്ന്നുനത്. ഇതിനു പിന്നാലെ പെട്ടെന്ന് ഒരു പ്രാവായി ലയോണി ആകാശത്തേക്ക് പറന്നുയരുകയായിരുന്നു. മകൾ തന്നെവിട്ട് ദൂരത്തേക്ക് പോകുന്നതും നോക്കി വളരെ നിസ്സഹായതയോടെ നോക്കുന്ന ജാങ്സിയുടെ നിൽപ്പ് ആരുടെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്. ഭർത്താവിനും മറ്റ് മക്കൾക്കും ബന്ധുക്കൾക്കൊപ്പവുമാണ് ജാങ്സി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

നിരവധി ആളുകളാണ് വെർച്വൽ റിയാലിറ്റിയിലൂടെ മരിച്ചവരുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് എത്തുന്നത്. അതേസമയം, ഇത്തരം പ്രവണതകളെ പ്രോത്സാപ്പിച്ചും പ്രതികൂലിച്ചും ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്. വൈകാരികതയുടെ മറ്റൊരു തലം സൃഷ്ടിക്കുന്ന ഇത്തരം വെർച്വൽ റിയാലിറ്റി പരിപാടികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. പരിപാടിയുടെ റേറ്റിങ് കൂട്ടുന്നതിനായി മകളെ നഷ്ടപ്പെട്ട അമ്മയുടെ വേദനയും കണ്ണീരും മുതലാക്കുകയായിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്ത ആളുകളെന്നുൂം വിമർശനം ഉയരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios