ബീജീംഗ്: ചൈന പുതിയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ഹോങ്കോംഗ് വിടാനൊരുങ്ങി ടിക് ടോക്. സമീപദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹോങ്കോംഗില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ടിക് ടോക് വക്താവ് ബിബിസിയോട് പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഹോങ്കോംഗിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ടിക് ടോക്  അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും വ്യക്തമാക്കി. 
ചൈനീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സ് കമ്പനിയാണ് വീഡിയോ ഷെയറിംഗ് പ്ലാറ്റ് ഫോമായ ടിക് ടോക്കിന്റെ ഉടമകള്‍. 

പുതിയ നിയമപ്രകാരം ഹോങ്കോംഗിലെ പ്രവര്‍ത്തനം ഡാറ്റ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ടിക് ടോക് പിന്മാറുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഹോങ്കോഗിലെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുമെന്ന് വാട്‌സ് ആപ്, ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ അധികൃതര്‍ അറിയിച്ചിരുന്നു. അധികൃതര്‍ക്ക് ഡാറ്റ കൈമാറാനാകില്ലെന്നാണ് സോഷ്യല്‍ മീഡിയ കമ്പനികളുടെ നിലപാട്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്ന കാരണമുന്നയിച്ചാണ് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യ നിരോധിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ടിക് ടോക്കിനുണ്ടായത്.