മുംബൈ: ലോക്ക് ഡൗണിനിടെ ഹോം ഡെലിവറിയായി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. മുംബൈയില്‍ 42കാരനാണ് ഭാര്യയുടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് മദ്യം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പിനിരയായത്.  

ലോക്ക് ഡൗണില്‍ മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി മദ്യം ലഭിക്കുമോ എന്ന് അന്വേഷിച്ച ഇയാള്‍ ഇതിനായി ഇന്റര്‍നെറ്റില്‍ തെരഞ്ഞു. വൈന്‍ ഹോം ഡെലിവറി എന്ന പേരില്‍ ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിച്ച് 3000 രൂപയ്ക്ക് മദ്യം ഓര്‍ഡര്‍ ചെയ്തു. പണം അടയ്ക്കാനായി ഫോണിലേക്ക് വന്ന ഒടിപി കൈമാറാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒടിപി കൈമാറിയപ്പോള്‍ അക്കൗണ്ടില്‍ നിന്ന് 30,000 രൂപയാണ് ഈടാക്കിയത്. അക്കം മാറിപ്പോയതാണെന്നും പുതുതായി ലഭിക്കുന്ന ഒടിപി കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ പണം നഷ്ടപ്പെടുകയായിരുന്നു. 

മദ്യം ലഭിക്കാതെ വന്നപ്പോള്‍ ഇതേ നമ്പരില്‍ തന്നെ വിളിച്ചു. എന്നാല്‍ മദ്യം ലഭ്യമാക്കാനാകില്ലെന്നും നഷ്ടമായ പണം തിരികെ നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ ഇയാളും ഭാര്യയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക