ദില്ലി: ബാലാകോട്ട് ഭീകരാക്രമണത്തിന് ശേഷം പാക് വ്യോമസേനയെക്കാൾ കൂടുതൽ പാകിസ്ഥാനികൾ ​ഗൂ​ഗിളിൽ തിരഞ്ഞത് ഇന്ത്യൻ വ്യോമസേനയെ. പാകിസ്ഥാൻ അതിർത്തി കടന്ന് ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണ നടത്തിയ ദിവസമാണ് പാകിസ്ഥാനികൾ ഇന്ത്യൻ വ്യോമസേനയെ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.  

ഇന്ത്യൻ വ്യോമസേന, പാക് വ്യോമസേന എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ​ഗൂ​ഗിൽ വിശകലനം നടത്തിയത്. ഇന്ത്യയിൽ 'സർജിക്കൽ സ്ട്രൈക്ക്' എന്ന വാക്കാണ് ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത്. അതേസമയം പാകിസ്ഥാനിലെ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് 'ബാലാക്കോട്ട്' ആണ്.

ഇന്ത്യ ബാലാകോട്ടിൽ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പാകിസ്ഥാനിൽ ​ഗൂ​ഗിളിൽ ബാലാകോട്ട് എന്ന വാക്ക് ട്രെൻഡിങ്ങിൽ വന്നത്. ഇന്ത്യയിൽ രാവിലെ ഏകദേശം 8.50ഓടുകൂടിയാണ് സർജിക്കൽ സ്ട്രൈക്ക് എന്ന വാക്ക് ട്രെൻഡിങ്ങായി മാറിയത്. ഇന്ത്യയിൽ ട്വിറ്ററിലെ ട്രെൻഡിങ്ങ് ഹാഷ് ​ടാ​ഗും സർജിക്കൽ സ്ട്രൈക്ക് തന്നെയായിരുന്നു.
 
പുല്‍വാമ ഭീകരാക്രമണം നടന്ന് 12 ദിവസങ്ങൾക്കുള്ളിലാണ് പാകിസ്ഥാനിലെ ഭീകരവാദികളുടെ ക്യാമ്പുകളിലേക്ക് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തതായാണ് റിപ്പോർട്ട്. പിന്നീട് പുലര്‍ച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി.