Asianet News MalayalamAsianet News Malayalam

ഡാറ്റ ഇന്ത്യയില്‍ സൂക്ഷിക്കാം; കേന്ദ്ര സര്‍ക്കാറിനോട് ടിക് ടോക്

സര്‍ക്കാര്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയെന്നും ആശങ്കകള്‍ക്ക് ദുരീകരിക്കും വിധമാണ് മറുപടി നല്‍കിയതെന്നും ടിക് ടോക് വക്താവ് പറഞ്ഞു.
 

Ready to store Data in India; Tik Tok to government
Author
New Delhi, First Published Jul 29, 2020, 10:51 AM IST

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ടിക് ടോക്. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ 59 ചൈനീസ് ആപ്പുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. ഡാറ്റ മുഴുവന്‍ ഇന്ത്യയില്‍ സൂക്ഷിക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കി. സ്വകാര്യതയും വിശ്വാസ്യതയും ലംഘിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ടിക് ടോക് വ്യക്തമാക്കി. 

രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി ജൂണ്‍ 29നാണ് ടിക് ടോക് അടക്കമുള്ള 59 ആപ്പുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഐടി വകുപ്പ് നല്‍കിയ ചോദ്യാവലിക്ക് ടിക് ടോക് വിശദമായി മറുപടി നല്‍കി. സര്‍ക്കാര്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയെന്നും ആശങ്കകള്‍ക്ക് ദുരീകരിക്കും വിധമാണ് മറുപടി നല്‍കിയതെന്നും ടിക് ടോക് വക്താവ് പറഞ്ഞു. കമ്പനികളുടെ മറുപടി പരിശോധിക്കാനും തീരുമാനം എടുക്കാനും സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.  

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയിലാണ് ടിക് ടോക്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താളുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലൊന്നായിരുന്നു ടിക് ടോക്. ഇന്ത്യയില്‍ മാത്രം 30 കോടി ഉപഭോക്താക്കളുണ്ടായിരുന്നു. എന്നാല്‍, ചൈനയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ചൈനീസ് ബന്ധം തിരിച്ചടിയാണെന്ന് തിരിച്ചറിഞ്ഞ ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനും ശ്രമിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios