നോയിഡ: ചവിട്ടുമെത്തയിലും ടോയ്‍ലറ്റിന്‍റെ സീറ്റ് കവറിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഇ-കൊമേഴ്സ് ഭീമന്‍ ആമസോണിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്‍ലറ്റ് സീറ്റ് കവറും ആമസോണിന്‍റെ യുഎസ് വെബ്സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നതിന് കാരണമായെന്നും  ആരോപിച്ച് നോയിഡയിലെ സെക്ടര്‍ 58 സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. വിദേശ കേന്ദ്രീകൃത കമ്പനിയായ ആമസോണ്‍ ഹിന്ദുമതത്തിന്‍റെ വികാരങ്ങളെ മാനിക്കാത്ത രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്ത് വര്‍ഗീയതയ്ക്ക് കാരണമാകുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന കമ്പനിക്കെതിരെ കര്‍ശനമായ നിയമനടപടി എടുക്കണമെന്നും ഹിന്ദുക്കള്‍ക്ക് അവരുടെ ആത്മാഭിമാനവും അന്തസ്സും സമാധാനപരമായി കാത്തുസൂക്ഷിക്കണമെന്നും പരാതിക്കാരനായ വികാസ് മിശ്ര പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ പ്രചാരമുള്ള പ്രധാന റീട്ടെയില്‍ വെബ്സൈറ്റായ ആമസോണ്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള #BoycottAmazon ക്യാംപയിന്‍ മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. തുടര്‍ന്ന് വിവാദമായ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു. കമ്പനിയുടെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ വില്‍പ്പക്കാരും ബാധ്യസ്തരാണെന്നും അല്ലാത്തവര്‍ക്കെതിരെ നിയമനിടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മതത്തിന്‍റെയും വര്‍ഗത്തിന്‍റെയും ജനനത്തിന്‍റെയും പേരില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍  വെറുപ്പ് സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള ഐപിസി സെക്ഷന്‍ 153A പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.